എങ്ങനെയാകണം പത്തനംതിട്ട : മാസ്റ്റർ പ്ളാൻ പബ്ലിക് സെമിനാർ മാർച്ച് നാലിന്
പത്തനംതിട്ട : ജനകീയ പങ്കാളിത്തത്തോടെ ഭാവി പത്തനംതിട്ടയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ " പത്തനംതിട്ട മാസ്റ്റർ പ്ലാൻ - നഗരസഭയുടെ ഭാവി കാഴ്ചപ്പാട് " പബ്ലിക് സെമിനാർ മാർച്ച് 4ന് നടക്കും. നഗരത്തിന്റെ ഭൂവിനിയോഗം, പശ്ചാത്തല സൗകര്യ വികസനം, പുതിയ ആവശ്യകതകൾ തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും പൊതുജനങ്ങൾക്കും വിഷയതല്പരർക്കും അവസരമുണ്ടാകും.
ജില്ലയുടെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന 23.5ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നഗരസഭയുടെ വികസനം ജില്ലയുടെ തന്നെ ആവശ്യകതയാണ്. പ്രധാന നഗരങ്ങളിൽ നിന്ന് വാണിജ്യ കേന്ദ്രങ്ങളിൽ നിന്ന് റെയിൽവേ, എം.സി റോഡ്, പ്രധാന ദേശീയപാതകൾ എന്നിവയിൽ നിന്നും സ്ഥലപരമായി അകലം പാലിക്കുന്ന പ്രദേശം എന്ന നിലയിൽ ഈ പരിമിതികളെ മറികടക്കുന്ന കാഴ്ചപ്പാടോട് കൂടിയ മാസ്റ്റർപ്ലാനാണ് വിഭാവനം ചെയ്യുന്നത്.
കൃഷി, കുടിവെള്ളം, ഭവന മേഖല, മൃഗസംരക്ഷണം, ക്ഷീര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യ, ഭൂവിനിയോഗം, ഗതാഗതം, വ്യവസായം, വാണിജ്യം, വിനോദ സഞ്ചാരം, മാലിന്യനിർമ്മാർജ്ജനം, ദുരന്ത നിവാരണം തുടങ്ങി വിവിധ പഠന മേഖലകളായി തിരിച്ചാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. പബ്ലിക് സെമിനാറിൽ പരമാവധി പൊതുജനങ്ങൾ പങ്കാളികളാകണമെന്നും നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു.
പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം :
വാട്സ് ആപ്പ് നമ്പർ : 7012588592,
https://surveyheart.com/form/63bc22f42408077752c2d0a2