പരപ്പുഴ കടവിലെ മരണക്കയം അറിയാതെ

Sunday 19 February 2023 12:29 AM IST
മുങ്ങി​മരി​ച്ചവരുടെ മൃതദേഹം രക്ഷാപ്രവർത്തകർ കരയ്ക്കെത്തി​ച്ചപ്പോൾ

കോഴഞ്ചേരി : കൈ കോർത്ത് പിടിച്ചു നടക്കുകയായിരുന്നു സഹോദരങ്ങളായ മെറിനും മെഫിനും. ഒരാൾ വെള്ളത്തിൽ മുങ്ങി​യപ്പോൾ മറ്റേയാൾ രക്ഷപെടുത്താൻ ശ്രമി​ച്ചു. കൈകൾ കോർത്തുപിടിച്ച് കരകയറാനുള്ള ശ്രമം വിജയിച്ചില്ല. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച പോൾ ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു. പുഴയിൽ വീണ ഭാഗത്തു നിന്നു തന്നെയാണ് ഇരുവരെയും കിട്ടിയത്. അയൽവാസിയായ എബിക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ഇരുട്ടു വീണതിനാൽ തെരച്ചി​ൽ നിറുത്തിവച്ചു. ഇന്ന് തുടരും.

പരപ്പുഴ കടവിലെ കയത്തിന്റെ ആഴം പ്രദേശവാസികൾക്കു പോലും കണക്ക് കൂട്ടാനായിട്ടില്ല. നിക്ഷേപമാലി എന്നറിയപ്പെടുന്ന പരപ്പുഴ കടവിൽ നിന്നാണ് ആറൻമുള വള്ളംകളി ആരംഭിക്കുന്നത്. പുലിമുട്ടും കയവും ഒന്നു ചേർന്നതാണിവിടം. പുഴയുടെ സ്വാഭാവികമായ രൂപപ്പെടലാണിത്. മാരാമൺ കൈപ്പുഴ കയത്തിന് തൊട്ടു താഴെ നദി തിരിയുന്ന ഭാഗമായ പരപ്പുഴ കടവിൽ ഒരുപാട് കയങ്ങളുണ്ടെന്ന് പ്രദേശവാസിയായ ഹരി പറഞ്ഞു. വർഷങ്ങൾക്കു മുൻപ് വള്ളംകളിക്ക് പോയ പള്ളിയോടം മറിഞ്ഞിട്ടുണ്ട്. നദിയിൽ കുളിക്കാനിറങ്ങിയ നിരവധി പേർക്ക് ജീവാപായം സംഭവിച്ചിട്ടുണ്ട്. അടുത്ത കാലത്തായി ഇവിടെ ആരും കളിക്കാനിറങ്ങില്ല.