കരീപ്രയിലെ കടവുകൾ വീണ്ടെടുക്കാൻ ജനകീയ കർഷക വേദി

Sunday 19 February 2023 12:47 AM IST
ഈയ്യല്ലൂർ ചീപ്പ് കടവ് ജനകീയ കർഷക വേദിയുടെ നേതൃത്വത്തിൽ പുന:സൃഷ്ടിക്കുന്നു.

എഴുകോൺ : കരീപ്ര പഞ്ചായത്തിലെ ജലാശയങ്ങളുടെ ഭാഗമായ കുളിക്കടവുകൾ വീണ്ടെടുക്കാൻ ജനകീയ കർഷക വേദിയുടെ കർമ്മ പദ്ധതി. ചെളിയും കുപ്പിച്ചില്ലുകളും മാലിന്യങ്ങളും അടിഞ്ഞു കൂടി ഉപയോഗ പ്രദമല്ലാതായ കടവുകളാണ് പുനസൃഷ്ടിക്കുന്നത്. ആദ്യ പടിയായി ഈയ്യല്ലൂർ ചീപ്പ് കടവാണ് വൃത്തിയാക്കിയത്. 2012ൽ ഏലാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ അനുവദിച്ച് ചീപ്പ് കടവ് വൃത്തിയാക്കിയിരുന്നു. പിന്നീട് മാലിന്യങ്ങൾ അടിഞ്ഞ് നശിക്കുകയായിരുന്നു.

ജനകീയ കർഷക വേദി കൺവീനർ അഡ്വ.വി.കെ.സന്തോഷ്കുമാർ , അനിൽ തുണ്ടത്തിൽ, ബാബുക്കുട്ടൻ, ബാലചന്ദ്രൻ നായർ, രാധൻ പുനമൂട്ടിൽ, വാസുദേവൻ നമ്പൂതിരി, ബേസിൽ, ശശികുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കടവുകളുടെ വീണ്ടെടുക്കൽ.