കോഴിക്കോട്ടുകാരൻ അൽവാരസിന് അർജന്റീനയിൽ നിന്ന് പിറന്നാൾ ആശംസ

Sunday 19 February 2023 4:32 AM IST
അൽവാരസിന്റെ പിറന്നാൾ ആഘോഷം

കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ ഒരുവയസുകാരൻ 'അൽവാരസ്' ന് അർജന്റീനയിൽ നിന്ന് പിറന്നാൾ ആശംസകൾ എത്തിയതിന്റെ സന്തോഷത്തിലാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകരായ അച്ഛൻ ലെനീഷും അമ്മ ശ്രീതുവും. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകൾ അർജന്റീന മാദ്ധ്യമമായ ടി.എൻ.ടി സ്പോർട്സ് അർജന്റീന ട്വീറ്റ് ചെയ്തതോടെയാണ് മെസിയുടെയും മറഡോണയുടെയും നാട്ടിൽ നിന്ന് ആശംസകൾ എത്തിത്തുടങ്ങിയത്.

ലോകകിരീടം സ്വന്തമാക്കിയ ലയണൽ മെസി ഫുട്ബോൾ രാജാവാണെങ്കിൽ അർജന്റീനക്കാർക്ക് യുവരാജാവാണ് ഖത്തർ ലോകകപ്പിൽ നാല് ഗോളുകൾ നേടിയ ജൂലിയൻ അൽവാരസ്. അർജന്റീയോടും അൽവാരസിനോടും ഉള്ള ആരാധനയിൽ നിന്നാണ് ലെനീഷും ശ്രീതുവും മകന് അൽവാരസ് എന്ന് പേരിട്ടത്. മെസി ലോക കിരീടത്തിൽ മുത്തമിടുന്ന ഫോട്ടോ ഉൾപ്പെടുന്ന പശ്ചാത്തത്തിലാണ് അൽവാരസ് തന്റെ ഒന്നാം പിറന്നാളിനുള്ള കേക്ക് മുറിച്ചത്.

ഈ ഫോട്ടോ അർജന്റീനയിലെ കായിക മാദ്ധ്യമം 18ന് ട്വിറ്ററിൽ പങ്കുവെച്ചു. ഈ മാസം 14ന് ആയിരുന്നു അൽവാരസിന്റെ പിറന്നാൾ. ഫോട്ടോ 16ന് അ‌ർജന്റീന ഫാൻസ് കേരള ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും പങ്കുവെച്ചു. കോഴിക്കോട് കാരപ്പറമ്പ് കക്കുഴിപ്പാലമാണ് ലെനീഷിന്റെ നാട്. കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷിനിലെ സിവിൽ പൊലീസ് ഓഫീസറാണ്. ഭാര്യ ശ്രീതു നേഴ്സ് ആണ്.