ഏഴുവിക്കറ്റ് വീഴ്‌ത്തി ഓസീസിനെ തകർത്ത് ജഡേജ; രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം
ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫി രണ്ടാം ടെസ്റ്റ് മൂന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് ആറുവിക്കറ്റിന്റെ ജയം. ഇതോടെ നാല് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തിയിരിക്കുകയാണ്.
115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യ 262, 118/ 4, ഓസ്ട്രേലിയ 263, 113 എന്നിങ്ങനെയാണ് സ്‌കോർ നില. ഓസീസിനെ ഏഴുവിക്കറ്റിന് തകർത്ത രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ജയം ഉറപ്പിച്ചത്. അശ്വിന്റെ മൂന്ന് വിക്കറ്റും ഇന്ത്യയ്ക്ക് നേട്ടമായി. ടെസ്റ്റിൽ മൊത്തം പത്തുവിക്കറ്റാണ് ജഡേജ വീഴ്‌ത്തിയത്. താരം തന്നെയാണ് പ്ളേയർ ഒഫ് ദി മാച്ച്.
രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കം ഇന്ത്യൻ ടീമിന് അത്ര മികച്ചതായിരുന്നില്ല. ഒരു റൺസിന് ആദ്യം തന്നെ കെ എൽ രാഹുൽ പുറത്തായി. മൂന്നാമതെത്തിയ ചേതേശ്വർ പൂജാര 31 റൺസിന് പുറത്താവാതെ നിന്നെങ്കിലും അതേ റൺസ് നിലയിൽ രോഹിത് ശർമ റണ്ണൗട്ടായത് തിരിച്ചടിയായി. പിന്നാലെയെത്തിയ വിരാട് കോഹ്‌ലി 20 റൺസിന് കളംവിട്ടു. തുടർന്നെത്തിയ ശ്രേയസ് അയ്യർ 12 റൺസിന് മടങ്ങേണ്ടി വന്നു. ശേഷം കളത്തിലെത്തിലുണ്ടായിരുന്ന പൂജാര-ഭരത് സഖ്യമാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്.