നാലെണ്ണം വീശിയപ്പോൾ പാപ്പാൻ ഔട്ട് ഒഫ് കൺട്രോൾ; പാപ്പാനെ പിടിക്കാന്‍ നാലുപേര്‍, ഒടുവിൽ സംഭവിച്ചത്
തൃശൂർ: എഴുന്നള്ളിപ്പിന് ആനയുമായി പാപ്പാൻ എത്തിയത് കാലുകൾ നിലത്തുറയ്ക്കാതെ. നിൽക്കാൻ കഴിയാതെ നന്നായി ആടിയ പാപ്പാനെ കണ്ട് ഞെട്ടിയ സംഘാടകർ ആനയ്ക്ക് സമീപം അയാളെ കസേരയിട്ടിരുത്തി. ഒടുവിൽ ഒരുതരത്തിൽ എളുന്നള്ളിപ്പ് പൂർത്തിയായപ്പോഴാണ് സംഘാടകർക്കും ഉത്സവത്തിനെത്തിയവർക്കും ശ്വാസം നേരേ വീണത്. പാപ്പാൻ ഔട്ട് ഒഫ് കൺട്രോളിലാണെന്ന് മനസിലായെങ്കിലും ആന കൺട്രോൾ വിടാതെ ശാന്തനായി തന്നെ നിന്നതാണ് ഏറെ ആശ്വാസമായത്.
തൃശൂര്‍ പെരുമ്പിലാവിന് സമീപത്തെ ഒരു ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു പാപ്പാന്റെ ആട്ടവും തുടർന്നുള്ള സംഭവങ്ങളും അരങ്ങേറിയത്. ഉച്ചവരെ കുഴപ്പമൊന്നുമില്ലാതിരുന്ന പാപ്പാൻ ഉച്ചയൂണ് കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് കാൽ നിലത്തുറയ്ക്കാത്ത അവസ്ഥയിലായത്. ഊണിന് പോകുന്ന വഴി ബാറിൽ കയറി നന്നായി വീശി. വിചാരിക്കുന്നിടത്ത് കാൽ നിൽക്കുന്നില്ലെങ്കിലും ഉത്സവപ്പറമ്പിൽ തന്റെ ആനയുടെ സമീപത്തുതന്നെ അയാൾ എത്തി. വന്നപ്പാടെ ആനയുടെ കൊമ്പിൽ പിടിച്ച് ആട്ടം തുടങ്ങി.തോട്ടിയും കൈയിലുണ്ട്. കൈവിട്ടാൽ താഴെ വീഴുന്ന അവസ്ഥ. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ടതോടെ സംഘാടകർ ഇടപെട്ടു. മൂന്നുനാലുപേർ ചേർന്ന് പാപ്പാനെ ഇടംവലം നിന്ന് പിടിച്ചു. ഇതിനിടെ കുറച്ചുസമയം ആനയുടെ സമീപത്ത് പാപ്പാനെ കസേരയിട്ട് ഇരുത്തുകയും ചെയ്തു.
ഒടുവിൽ പ്രശ്നമൊന്നുമില്ലാതെ എളുന്നള്ളിപ്പ് കഴിഞ്ഞതോടെ സംഘാടകർക്ക് ആശ്വാസമായി. പാപ്പാൻ ആകെ ഇടഞ്ഞ അവസ്ഥയിലാണെന്ന് മനസിലാക്കിയോ എന്തോ ആന തീർത്തും ശാന്തനായിരുന്നു. എളുന്നളളിപ്പ് കഴിഞ്ഞതോടെ മറ്റൊരു പാപ്പാനെ കൊണ്ടുവന്നാണ് ആനയെ തിരികെ കൊണ്ടുപോയത്.