സ്വർണത്തിന് വേണ്ട ഇ-വേ ബിൽ

Monday 20 February 2023 3:42 AM IST

 നീക്കം ഉപേക്ഷിക്കണമെന്ന് എ.കെ.ജി.എസ്.എം.എ

കൊച്ചി: കേരളത്തിൽ മാത്രം സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇ-വേ ബിൽ നടപ്പായാൽ 36 ഗ്രാം സ്വർണവുമായി പോകുന്നവരെപ്പോലും പരിശോധിക്കാം. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.

36 ഗ്രാം വാണിജ്യാവശ്യത്തിനാണോ സ്വന്തം ആവശ്യത്തിനാണോ വ്യക്തി കൊണ്ടുപോകുന്നതെന്ന് എങ്ങനെ ഉദ്യോഗസ്ഥർ തിരിച്ചറിയും. 10 കോടി രൂപ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ ഇപ്പോൾ ഇ-ഇൻവോയിസ് വഴിയാണ് സ്വർണം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിനുള്ളിൽ നിന്നും കൊണ്ടുപോകുന്നത്. അത് അഞ്ച് കോടി രൂപയാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.

ഇതിനിടെ കേരളത്തിൽ മാത്രം ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് സ്വർണവ്യാപാര മേഖലയിൽ കുരുക്ക് കൂടുതലാക്കും. വിമാനത്താവളങ്ങൾ, കടൽത്തീരങ്ങൾ എന്നിവവഴി നിർബാധം തുടരുന്ന സ്വർണക്കള്ളക്കടത്ത് പിടികൂടാൻ ഉദ്യോഗസ്ഥർക്ക് ശ്രമിക്കുന്നില്ല. ഉപജീവനത്തിനായി പണിയെടുക്കുന്ന പണിക്കാരടക്കം 36 ഗ്രാം സ്വർണം കൊണ്ടുപോകുന്ന ആരെയും ഇ-വേ ബില്ലിന്റെ പേരിൽ പിടിക്കാം, ചോദ്യം ചെയ്യാം, പിഴചുമത്താം എന്ന സ്ഥിതി സ്വർണ വ്യാപാരമേഖലയെ തകർക്കുകയേയുള്ളൂ എന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.

സമരത്തിലേക്ക്

ഇ-വേ ബിൽ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർക്ക് 15,000 ഇ-മെയിലുകൾ അയയ്ക്കുന്നുണ്ടെന്ന് എ.കെ.ജി.എസ്.എം.എ നേതൃത്വം വ്യക്തമാക്കി. ഇ-വേ ബില്ലിനെതിരെ ഈമാസം 23, 24 തീയതികളിൽ ചേരുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്നും അവർ പറഞ്ഞു.

Advertisement
Advertisement