വിദേശ നാണയശേഖരം വീണ്ടും താഴേക്ക്
Monday 20 February 2023 3:57 AM IST
മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 10ന് അവസാനിച്ചവാരം 831 കോടി ഡോളർ ഇടിഞ്ഞ് 56,695 കോടി ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്‌ചയാണിത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്കിന് വൻതോതിൽ ഡോളർ വിറ്റഴിക്കേണ്ടി വന്നതാണ് തിരിച്ചടിയായത്.
അദാനി വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണിയിൽ നിന്ന് വൻതോതിൽ വിദേശനിക്ഷേപം കൊഴിഞ്ഞതാണ് രൂപയ്ക്ക് സമ്മർദ്ദമായത്. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 710.8 കോടി ഡോളർ കുറഞ്ഞ് 50,058.7 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 91.9 കോടി ഡോളർ താഴ്ന്ന് 4,286.2 കോടി ഡോളറിലെത്തി. 2021 ഒക്‌ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം.