ഐ.ജി.എസ്.ടി വിഹിതം വാങ്ങുന്നതിൽ സർക്കാരിന് വീഴ്ച : എൻ.കെ.പ്രേമചന്ദ്രൻ

Monday 20 February 2023 12:51 AM IST

കോഴിക്കോട്: ഐ.ജി.എസ്.ടി വിഹിതം (സംയോജിത ചരക്കു സേവന നികുതി) വാങ്ങിയെടുക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.

എക്‌സ്‌പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് കിട്ടിയില്ല എന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഏറ്റവുംകൂടുതൽ ഐ.ജി.എസ്.ടി വിഹിതം കിട്ടേണ്ടതാണ്. ഈ വിഹിതം നഷ്ടപ്പെട്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. അത് വാങ്ങിയെടുക്കാൻ കേരളം വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ല. കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് ധനമന്ത്രിയുടെ മൗനം ദുരൂഹമാണ്. കേരളം എന്തു നടപടി എടുത്തെന്നും എന്തുകൊണ്ട് ഈ റിപ്പോർട്ട് സഭയിൽ സമർപ്പിക്കുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കണം.

കേരളത്തിന്റെ ജി.എസ്.ടി നഷ്ടപരിഹാരം വൈകിയത് എ.ജി ഓഡിറ്റ് ചെയ്ത റിപ്പോർട്ട് നൽകാത്തതിനാലാണെന്ന് വ്യക്തമായി. കേരളത്തിനുൾപ്പെടെ 16,​982 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചതിന് പാർലമെന്റിലെ ചോദ്യോത്തരവും കേന്ദ്ര ധനമന്ത്രി സഭയിൽ നൽകിയ ഉറപ്പും പ്രചോദനമായി. രേഖകൾ സമർപ്പിക്കാത്തതിനാലാണ് സംസ്ഥാനത്തിന് അർഹമായ വിഹിതം കിട്ടാതെ പോയതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ മറുപടിയിൽ വ്യക്തമാണ്. ധനമന്ത്രി ബാലഗോപാലിന്റെ പ്രതികരണം തെറ്റാണ്. ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് ലോക്‌സഭയിൽ താൻ ഉന്നയിച്ച ചോദ്യം,​ ബിജെപി അനുകൂല രാഷ്ട്രീയമാക്കി അവതരിപ്പിക്കുകയാണ് സിപിഎമ്മെന്നും പ്രേചന്ദ്രൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഭയക്കുന്നത് ആരെ?

അംഗീകൃത ചട്ടത്തിന് അപ്പുറമുള്ള സെക്യൂരിറ്റിയാണ്‌ മുഖ്യമന്ത്രിക്ക് നൽകുന്നത്. കറുത്ത മാസ്‌ക് ധരിക്കുന്നവരെ പോലും മുഖ്യമന്ത്രി ഭയപ്പെടുന്നു. എന്തിനാണ് ഈ ഭയമെന്നും പ്രേമചന്ദ്രൻ ചോദിച്ചു. ഇരട്ട നീതിയാണ് സർക്കാർ നടത്തുന്നത്. സി.പി.എം പ്രവർത്തകർ എന്ത് കൊള്ള നടത്തിയാലും സർക്കാർ സംരക്ഷിക്കും. കോൺഗ്രസ് പ്രവർത്തകർ ചെറിയ തെറ്റ് ചെയ്‌താലും കടുത്തശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement