കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിൽ 16 പേർക്ക് പിൻവാതിൽ നിയമനം

Monday 20 February 2023 12:23 AM IST

പത്തനംതിട്ട : കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് പത്തനംതിട്ട ഓഫീസിൽ ആറ് വർഷത്തിനിടെ 16 പേർക്ക് പിൻവാതിൽ നിയമനം നൽകിയതായി കണ്ടെത്തി. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് പകരം അനധികൃത നിയമനം നടത്തിയതായി ജില്ലാ എംപ്ളോയ്മെന്റ് ഒാഫീസർ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജോലി ലഭിച്ചവർക്ക് ഉത്തരവ് നൽകിയതായി ഒാഫീസിൽ രേഖകളില്ല. നിയമം പാലിച്ച് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് എംപ്ളോയ്മെന്റ് ഒാഫീസർ റിപ്പോർട്ട് നൽകി.

ക്ലാർക്ക് 9, ഡാറ്റാ എൻട്രി ഓപ്പറേറ്റർ 4, ഓഫീസ് അറ്റൻഡന്റ് 2, പാർട്ട് ടൈം സ്വീപ്പർ 1 എന്നിങ്ങനെ 16 പേരാണ് ദിവസ വേതനാടിസ്ഥാനതിൽ 2016 മുതൽ ജോലി ചെയ്യുന്നത്. ഇവരിൽ സി.പി.എം, സി.എെ.ടി.യു നേതാക്കളുടെ ബന്ധുക്കളുമുണ്ട്. അടൂർ, പന്തളം ഏരിയകളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. ക്ലാർക്കിന് 765 രൂപയാണ് ദിവസ വേതനം നൽകുന്നത്. മതിയായ വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരും നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. തൂപ്പുകാരിയും ഹെൽപ്പറും സ്ഥാനക്കയറ്റം ലഭിച്ച് എൽ.ഡി ക്ളാർക്കുമാരായി. ഓഫീസിൽ മൂന്ന് കമ്പ്യൂട്ടർ മാത്രമാണുള്ളത്. നാല് പേരെ ഡാറ്റാ എൻട്രിയിൽ നിയമിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ ലഭിച്ചിട്ട് പോലും മാസങ്ങളാകുകയാണ്. ജില്ലയിൽ മൂവായിരത്തോളം പേർ കെട്ടിട നിർമ്മാണ ക്ഷേമ നിധിയിലുണ്ട്. അംഗങ്ങളുടെ ചികിത്സ, മരണാനന്തര ആനുകൂല്യം, വിവാഹ ആനുകൂല്യം, പ്രസവ ആനുകൂല്യം, സാന്ത്വന സഹായധനം, വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് ഇവയൊക്കെ മുടങ്ങിയതായി ആക്ഷേപമുണ്ട്. അനധികൃത നിയമനം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നതാണങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എംപ്ളോയിമെന്റ് എക്സ്ചേഞ്ചിൽ പേരുകൾ രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോഴാണ് അനധികൃത നിയമനങ്ങൾ നടന്നത്.
പ്രതിമാസം 50 രൂപയാണ് അംശാദായമായി കെട്ടിട നിർമ്മാണ തൊഴിലാളി അടയ്ക്കുന്നത്. 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1600 രൂപ പെൻഷൻ ലഭിക്കും. തൊഴിലാളി സംഘടനാ നേതാക്കളുടെ ശുപാർശയിലാണ് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നത്.

ശരിയായ നിയമനം നടത്തണമെന്ന എംപ്ളോയ്മെന്റ്

ഒാഫീസറുടെ നിർദേശം നടപ്പാക്കിയില്ല

നിയമനം നടന്നത് പത്തനംതിട്ട ഓഫീസിൽ

പിൻവാതിൽ നിയമനം : 16

ക്ലാർക്ക് : 9

ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 4

ഓഫീസ് അറ്റൻഡന്റ് : 2

പാർട്ട് ടൈം സ്വീപ്പർ : 1

Advertisement
Advertisement