'ആശ്വാസകിരണം' മുടങ്ങിയെന്നത് അസത്യപ്രചാരണം: മന്ത്രി ബിന്ദു

Monday 20 February 2023 12:55 AM IST

തിരുവനന്തപുരം: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പുരോഗികൾക്കുമുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം ദുരുദ്ദേശത്തോടെയാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വസ്തുതകൾ അന്വേഷിക്കാതെ ഇത്തരം പ്രചാരണങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ആരായാലും ദൗർഭാഗ്യകരമാണ്.

പദ്ധതി വിപുലമാക്കിയപ്പോൾ ഗുണഭോക്താക്കളുടെ എണ്ണത്തിലും പദ്ധതിക്ക് വേണ്ട തുകയിലും വർദ്ധനയുണ്ടാക്കി. സർക്കാരിന്റെ സാമ്പത്തികമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും പദ്ധതിക്കുവേണ്ട തുക ലഭ്യമാക്കി മുടങ്ങാതെ വിതരണംചെയ്യാൻ ശ്രദ്ധിച്ചു.
ഈ പദ്ധതിയിൽ 2021-22 സാമ്പത്തികവർഷം 40 കോടി രൂപ വിതരണം ചെയ്തു. 2022-23 ൽ ലഭ്യമാകേണ്ട 42.50 കോടി രൂപയിൽ ആദ്യഗഡുവായ പത്തുകോടി ഉപയോഗിച്ച് ഏഴു ജില്ലകളിൽ (ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ) അഞ്ചു മാസത്തെയും ബാക്കി ഏഴു ജില്ലകളിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസർഗോഡ്) നാലുമാസത്തെയും ധനസഹായവിതരണം പൂർത്തിയാക്കി. അധിക ധനവിനിയോഗം സാദ്ധ്യമാവുന്നതനുസരിച്ച് ആനുകൂല്യത്തിനുള്ള പുതിയ അപേക്ഷകൾക്കുകൂടി ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement