19 എം.എൽ.എമാർക്ക് താമസിക്കാൻ മണ്ണിലിടമില്ല...

Monday 20 February 2023 12:04 AM IST

തിരുവനന്തപുരം: എം.എൽ.എ ഹോസ്റ്റലിലെ പമ്പ ബ്ലോക്ക് പൊളിച്ചതോടെ പെരുവഴിയിലായ 19 എം.എൽ.എമാർക്ക് താമസ സൗകര്യം തേടി നിയമസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ നെട്ടോട്ടമോടുന്നു.

എം.എൽ.എമാർക്ക് ഫ്ളാറ്റ് വാടകയ്‌ക്ക് നൽകാൻ നഗരത്തിലെ ഫ്ലാറ്ര് ഉടമസ്ഥർ തയ്യാറാകാത്തതാണ് അധികൃതരെ വലയ്‌ക്കുന്നത്. എപ്പോഴും ആളും ബഹളവുമായിരിക്കുമെന്നും മറ്റ് താമസക്കാർക്ക് സ്വൈരമുണ്ടാകില്ലെന്നുമാണ് ഉടമസ്ഥർ പറയുന്നത്. നിയമസഭയിൽ നിന്ന് എട്ട് കിലോമീറ്ററിനുള്ളിൽ, നഗരപരിധയിലുള്ള 19 ഫ്ലാറ്റുകളുളള കെട്ടിടം വേണം. സൗകര്യങ്ങൾ വേണം. വാടക പരമാവധി കുറവായിരിക്കണം. എല്ലാ ഫ്ളാറ്റുകളും ഒരേ കെട്ടിടത്തിലോ അടുത്തടുത്ത കെട്ടിടങ്ങളിലോ ആയിരിക്കണം എന്നിങ്ങനെയാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഡിമാൻഡ്. ഫ്ളാറ്റ് ഉടമസ്ഥരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ച് താത്പര്യപത്രം ഇറക്കി.

ആദ്യ കരാർ കെണിയായി

കരമന - മേലാറന്നൂർ റോഡിലെ സ്വകാര്യ ഫ്ലാറ്റിന് നിയമസഭാ സെക്രട്ടേറിയറ്റ് കരാർ ഒപ്പിട്ടിരുന്നു. ഇവിടെ താമസം ആരംഭിച്ച ശേഷമാണ് ഫ്ളാറ്റ് ഉടമസ്ഥർ പലതും മറച്ചുവച്ചാണ് കരാറിൽ ഒപ്പിട്ടതെന്ന് തിരിച്ചറിഞ്ഞത്. റെയിൽവേ ഫ്ലൈഓവറിനായി പാർക്കിംഗ് ഏരിയ പൊളിച്ചതോടെയാണ് അക്കിടി മനസിലായത്. അതോടെ എം.എ.എൽമാർക്ക് ഇറങ്ങേണ്ടിവന്നു. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളിൽ ഷെഡ് ഒരുക്കിയെങ്കിലും സൗകര്യം തീരെ കുറവായതിനാൽ എം.എൽ.എമാർ പലരും അവിടേക്ക് പോകാറില്ല. സന്ദർശകരെ കാണാനുളള സൗകര്യവും ഇല്ല. എം.എൽ.എമാർ പരാതിപ്പെട്ടതോടെയാണ് പുതിയ വാടക കെട്ടിടം തേടുന്നത്.

ഫ്ലാറ്റുകളിൽ വേണ്ടത്

 2 ബി.എച്ച്.കെ / 3 ബി.എച്ച്.കെ

എല്ലാ മുറികളും ഫർണിഷ് ചെയ്‌തിരിക്കണം

രണ്ട് ബാത്ത് അറ്റാച്ച്‌ഡ് ബെഡ്‌റൂം

ഒരു മുറിയിൽ എ.സി

 പ്രത്യേക വൈദ്യുതി മീറ്ററും വാട്ടർ മീറ്ററും

എം.എൽ.എമാർ അനുവദിക്കുന്ന സന്ദർശകർക്ക് പ്രവേശനം

 മാലിന്യ നിർമ്മാർജനം,​ പാർക്കിംഗ്

Advertisement
Advertisement