കർണാടകം അധികം ദൂരെയല്ലെന്ന മറുപടിയാണ് അമിത്ഷായ്ക്ക്  കേരളം നൽകേണ്ടത്: യെച്ചൂരി

Monday 20 February 2023 1:50 AM IST

കോഴിക്കോട്: ഹിന്ദുത്വ കോർപ്പറേറ്റ് ശക്തികൾക്ക് ഇടംനൽകാതിരിക്കാനും ചെറുക്കാനും കേരളത്തിന് സാദ്ധ്യമെങ്കിൽ അധികം ദൂരെയല്ലാത്ത കർണാടകത്തിൽ എന്തുകൊണ്ട് സാദ്ധ്യമല്ലെന്ന ചോദ്യം എല്ലായിടത്തും ഉയരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യസമര ചത്വരത്തിൽ ഭരണഘടനാസംരക്ഷണ സമിതി സംഘടിപ്പിച്ച ഭരണഘടനാസംരക്ഷണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കർണാടകം അധികം ദൂരെയല്ലെന്ന മറുപടിയാണ് അമിത്ഷായ്ക്ക് കേരളം നൽകേണ്ടത്. കേരളം അകലെയല്ല, സൂക്ഷിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കർണാടകത്തിൽ പ്രസംഗിച്ചത്. കേരളത്തിന്റെ ചെറുത്തുനിൽപ്പ് ഇന്ത്യയിലുടനീളം സാദ്ധ്യമാവണമെന്നും യെച്ചൂരി പറഞ്ഞു. അദാനിയും മോദിയും ചേർന്നുള്ള കോർപ്പറേറ്റ് ഹിന്ദുത്വസഖ്യമാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലയായ ഭരണഘടന നശിച്ചാലേ അവരുടെ അജൻഡകൾ എളുപ്പം നടപ്പാക്കാനാവൂ എന്ന് അവർക്കറിയാം. ഇതിനായി ദേശീയതയുടെ നിർവചനം മാറ്റുകയാണ്. പ്രധാനമന്ത്രിയെ വിമർശിച്ചാൽ വിചാരണയില്ലാതെ തടവിലിടുന്ന രാജ്യമായി ഇന്ത്യയെ മാറ്റി. അദാനിയെക്കുറിച്ച് പാർലമെന്റിൽ ശബ്ദിക്കുന്നത് വിലക്കുകയും മോദിക്കെതിരായ ചോദ്യങ്ങൾ സഭാരേഖകളിൽനിന്ന് നീക്കുകയുമാണ്. ഭരണഘടനയുടെ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്ന രാജ്യത്ത് വരാനിരിക്കുന്ന നയങ്ങൾ ഭീകരമായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു. ഡോ. കെ.പി. രാമനുണ്ണി അദ്ധ്യക്ഷനായി. ഡോ. ഐ.പി. അബ്ദുൾ സലാം, ഡോ. ഖദീജ മുംതാസ്, പി.കെ. പാറക്കടവ്, ഡോ. ഫസൽ ഗഫൂർ, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement