അനാഥം മലമ്പുഴ സ്റ്റാൻഡ്

Tuesday 21 February 2023 12:59 AM IST
മലമ്പുഴ ഗാർഡൻ ബസ് സ്റ്റാൻഡ്

മലമ്പുഴ: ഏഴു വർഷം മുമ്പ് 2016ൽ പണി പൂർത്തിയാക്കിയ 'മലമ്പുഴ ഗാർഡൻ ബസ് സ്റ്റാൻഡ്' ആളനക്കമില്ലാതെ അനാഥമായി കിടക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ സ്റ്റാൻഡ് ഉണ്ടായിട്ടും ഇവിടെയെത്തുന്നവർക്ക് യാതൊരു പ്രയോജനവും ഇതുകൊണ്ടില്ല. ഇവിടെയെത്തുന്നവർ ഇപ്പോഴും ബസ് കാത്തിരിക്കുന്നത് വഴിയരികിലും മറ്റുമാണ്.

ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് പ്രശ്നങ്ങൾക്ക് കാരണം. മലമ്പുഴ ഉദ്യാന കവാടത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കഞ്ചിക്കോട് റോഡിലെ റോക്ക് ഗാർഡന് എതിർ വശത്താണ് സ്റ്റാൻഡ്. ജലസേചന വകുപ്പ് 1.45 കോടി ചെലവിട്ടാണ് ബസ് സ്റ്റാൻഡ് പണി കഴിപ്പിച്ചത്.

ഡാമിന്റെ പരിസരത്ത് എത്തുന്നവർക്ക് സ്റ്റാൻഡിനടുത്തേക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്നം. ഇതുമൂലം ബസുകളും സ്റ്റാൻഡിൽ എത്താതായി. യാത്രക്കാർക്ക് ഉദ്യാനത്തിനടുത്ത് ബസ് കാത്തു നിൽക്കുന്നതാണ് സൗകര്യപ്രദം.

സ്റ്റാൻഡ് ഇപ്പോൾ മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടേയും കേന്ദ്രമാണ്. ഒപ്പം തെരുവ് നായ്ക്കളും നിറഞ്ഞിരിക്കുന്നു. മതിയായ പഠനം നടത്താതെ ആളില്ലാത്ത സ്ഥലത്ത് സ്റ്റാൻഡ് പണിതതാണ് പ്രശ്നമെന്ന് പ്രദേശവാസികൾ പറയുന്നു.

കാടുകയറി, നിറയെ മാലിന്യവും

ആരും തിരിഞ്ഞ് നോക്കാനില്ലത്ത് സ്റ്റാൻഡ് ഇപ്പോൾ കാടുകയറിയ നിലയിലാണ്. ചുമരുകളിൽ വിള്ളലുകൾ രൂപപ്പെട്ടു. സ്റ്റാൻഡിനറെ പരിസരത്തും മറ്റും മാലിന്യങ്ങളും കുമിഞ്ഞു കൂടി. മാലിന്യം നിക്ഷേപിച്ചാൽ 25000 രൂപ പിഴ അല്ലെങ്കിൽ മൂന്ന് മാസം തടവുശിക്ഷ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യത്തിന് യാതൊരു കുറവുമില്ല.

Advertisement
Advertisement