രാഹുലിനെതിരെ വീണ്ടും കണക്കുകളുമായി വിമർശനം കടുപ്പിച്ച് വെങ്കിടേഷ് പ്രസാദ്; ഇൻഡോറിൽ തിളങ്ങിയില്ലെങ്കിൽ കൗണ്ടി ക്രിക്കറ്റിൽ കളിക്കണമെന്നും അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം

Monday 20 February 2023 7:10 PM IST

ബംഗളൂരു: ഫോമില്ലായ്‌മ മൂലം കഴിഞ്ഞ കുറച്ച് നാളുകളായി വളരെയധികം പഴികേൾക്കുന്ന താരമാണ് കെ.എൽ രാഹുൽ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്‌റ്റുകളിലും താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌റ്റൻ സ്ഥാനവും ഇപ്പോൾ രാഹുലിന് നഷ്‌ടമായി. എന്നാൽ അവശേഷിക്കുന്ന രണ്ട് ടെസ്‌റ്റിനും ഏകദിന പരമ്പരയ്‌ക്കുമുള്ള ടീമിൽ രാഹുലിന് ഇടം കണ്ടെത്താനായിട്ടുണ്ട്.

ഫോമിലല്ലെങ്കിലും നായകൻ രോഹിത്തും കോച്ച് രാഹുൽ ദ്രാവിഡും രാഹുലിനെ നന്നായി പിന്തുണയ്‌ക്കുന്നുണ്ട്. വിദേശ പിച്ചുകളിലടക്കം രാഹുൽ നേടിയ സെഞ്ചുറികളെ ഓർമ്മിപ്പിച്ചാണ് ദ്രാവിഡ് പിന്താങ്ങുന്നത്. ഇതിനെ ശക്തമായി എതിർക്കുകയും മറുവാദവുമായി രംഗത്തെത്തിയിരിക്കുകയുമാണ് മുൻ ഇന്ത്യൻ പേസർ വെങ്കടേഷ് പ്രസാദ്.

വിദേശരാജ്യത്തെ പ്രകടനമാണ് അടിസ്ഥാനമെങ്കിൽ രാഹുലിന്റെ ശരാശരി 30 മാത്രമാണെന്നും ഫോമില്ലായ്‌മയുടെ പേരിൽ പുറത്താക്കിയ അജിങ്ക്യ റഹാനെയ്‌ക്ക് സ്ഥാനം നൽകണമെന്നുമാണ് പ്രസാദ് കണക്കുകൾ നിരത്തി ആവശ്യപ്പെടുന്നത്.

അടുത്ത ടെസ്‌റ്റ് നടക്കുന്ന ഇൻഡോറിലെ കാര്യം സൂചിപ്പിക്കുന്ന പ്രസാദ്, രാഹുൽ ഇൻഡോർ ടെസ്‌റ്റ് കളിച്ചേക്കുമെന്നും പിച്ചും ബൗണ്ടറിയും വലിപ്പം കണക്കാക്കുമ്പോൾ ഫോമിലേക്കെത്താനും തന്നെപ്പോലെ വിമർശകരുടെ വായടയ്‌ക്കാനും ഇതാണ് നല്ല അവസരമെന്നും വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു. അതല്ലാത്തപക്ഷം കൗണ്ടി ക്രിക്കറ്റിൽ കളിക്കാനും ഫോമിലേക്കുയരാനുമാണ് പ്രസാദ് ഉപദേശിക്കുന്നത്.

കഴിഞ്ഞ 10 ടെസ്‌റ്റ് ഇന്നിംഗ്‌സുകളിലായി വെറും 23 ആണ് രാഹുൽ നേടിയ ഉയർന്ന സ്‌കോർ. ഡൽഹിയിൽ അവസാനിച്ച ടെസ്‌റ്റിൽ 17ഉം ഒന്നും മാത്രമാണ് രാഹുൽ നേടിയത്. ഇതിന് പിന്നാലെ അടുത്ത ടെസ്‌റ്റിലും ഏകദിനത്തിലും രാഹുൽ ടീമിൽ ഇടംനേടിയെന്ന് അറിഞ്ഞതോടെ ആരാധകർ കടുത്ത അമർഷവും ട്രോളുമാണ് രാഹുലിനെതിരെ നടത്തിയത്. മതിയായ അവസരം ലഭിക്കാതെ സഞ്ജു സാംസണടക്കം പുറത്ത് നിൽക്കുമ്പോഴാണ് രാഹുലിന് തുടരെ അവസരങ്ങൾ നൽകുന്നത്. ഇതാണ് പ്രസാദ് അടക്കം ഒരുകൂട്ടം മുൻതാരങ്ങളെ ചൊടിപ്പിക്കുന്നതും.

Advertisement
Advertisement