സൗരോർജ്ജ ഉത്പാദനത്തിൽ സംസ്ഥാനത്ത് സോളാർ വിപ്ലവം: മന്ത്രി എം.ബി.രാജേഷ്

Tuesday 21 February 2023 12:39 AM IST
വടകരപ്പതിയിലെ സോളാറൈസ്ഡ് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷൻ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി സമീപം.

ചിറ്റൂർ: സംസ്ഥാനത്ത് 20 വർഷം മുമ്പ് ആരംഭിച്ച സൗരോർജ്ജ ഉത്പാദന പദ്ധതിയുടെ ആദ്യ സ്ഥാപിത ശേഷിയേക്കാൾ 140 ശതമാനം കൂടുതൽ സോളാർ വൈദ്യുതി കഴിഞ്ഞ 20 മാസം കൊണ്ട് ഉണ്ടാക്കാനായെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബിയും സംയുക്തമായി ആരംഭിച്ച മണ്ഡലത്തിലെ പ്രഥമ സോളാറൈസ്ഡ് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷൻ വടകരപ്പതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളാർ വൈദ്യുതി സാമ്പത്തിക ലാഭം നൽകുന്നതിനോടൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കും. നവീനവും വ്യത്യസ്തവും മാതൃകാപരവുമായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ജലക്ഷാമം നേരിടുന്നതിന് സ്വീകരിച്ച പദ്ധതിയും മാതൃകയാണ്. വ്യവസായ വകുപ്പിന് പത്തുമാസം കൊണ്ട് 1.32 ലക്ഷം വ്യവസായം ആരംഭിക്കാൻ കഴിഞ്ഞത് വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഏകോപിത പ്രവർത്തനം നടത്തിയതിനാലാണ്.
സോളാർ കനോപ്പി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ഓരോ കുടുംബങ്ങളിലും നിശ്ചിത വരുമാനം ഉറപ്പാക്കാനാണ് സർക്കാർ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പുരയിട കൃഷിക്കായി മൈക്രോ ഇറിഗേഷൻ പദ്ധതികൾ അനുവദിക്കും. ആട്- കോഴി എന്നിവയുടെ വളർത്തലിന് ഒരുശതമാനം പലിശയ്ക്ക് സഹായം ലഭിക്കും. വടകരപ്പതിയിൽ പച്ചക്കറിയുടെ നാനോ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ നൽകും. ഇതോടെ കീടനാശിനി രഹിതമായ പച്ചക്കറി വിദേശ മാർക്കറ്റുകളിലേക്ക് വരെ കയറ്റുമതി ചെയ്യാനാവും. മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത പത്ത് അങ്കണവാടികൾക്ക് വീതം സോളാർ പദ്ധതി അനുവദിക്കും. കുടുംബശ്രീ പ്രവർത്തകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സോളാർ കോൾഡ് സ്റ്റോറേജ് വടകരപതിക്ക് അനുവദിക്കും. ഇതിലൂടെ കാർഷിക ഉത്പന്നങ്ങളുടെ സംസ്‌കരണ വിപണന സാദ്ധ്യത വർദ്ധിക്കും. കാർഷിക ഉത്പന്നങ്ങളിലൂടെ വൈൻ നിർമ്മാണത്തിനും പദ്ധതിയുണ്ട്. 60% സബ്സിഡി ലഭിക്കുന്ന കർഷകർക്കുള്ള കുസും പദ്ധതി കർഷകർ പ്രയോജനപ്പെടുത്തണം. ഒരേസമയം മൂന്ന് കാറുകൾക്കും ഒരു ഓട്ടോയ്ക്കും ഒരു ഇരുചക്ര വാഹനത്തിനും ഉൾപ്പെടെ ചാർജ് ചെയ്യാൻ കഴിയുന്നതാണ് വടകരപ്പതിയിലെ ചാർജ്ജിംഗ് സ്റ്റേഷൻ. ഏറ്റവും കുറഞ്ഞ ചെലവിലാണ് വൈദ്യുതി ചാർജിംഗ് നടത്തുക എന്നതും പ്രത്യേകതയാണ്.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് അദ്ധ്യക്ഷനായി. വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ബ്രിട്ടോ, എം.സതീഷ്, എസ്.അനീഷ, റിഷാ പ്രേംകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ മാധുരി പത്മനാഭൻ, മിനി മുരളി, റീസ് എൻജിനീയർ പി.സതീഷ്, ഡയറക്ടർ ആർ.സുകു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ശശികുമാർ, സുലൈമാൻ, കെ.രാജമാണിക്യം, കെ.ശ്രീകുമാർ തുടങ്ങിയവ‌ർ പങ്കെടുത്തു.

Advertisement
Advertisement