ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി 25 മുതൽ കുമരകത്ത്

Tuesday 21 February 2023 3:07 AM IST

തിരുവനന്തപുരം: സംസ്ഥാന ഉത്തരവാദിത്വ ടൂറിസംമിഷന്റെ നേതൃത്വത്തിൽ

ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് ഈമാസം 25 മുതൽ 28 വരെ നടക്കും. ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ സ്ഥലമാണ് കുമരകം.

ഉത്തരവാദിത്വ ടൂറിസം മേഖലയിലെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക,​ ഈരംഗത്തെ നവപ്രവണതകൾ കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിൽ കൂട്ടിച്ചേർക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഒപ്പം യു.എൻ വിമനുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ചർച്ചകളും നടക്കും.

26ന് രാവിലെ 9ന് കുമരകം ലേക്ക് സോംഗ് റിസോർട്ടിൽ ടൂറിസംമന്ത്റി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്റി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും.

യു.എൻ വിമൻ പ്രതിനിധി സൂസൻ ഫെർഗൂസൺ, അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രം സ്ഥാപകൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ടൂറിസംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഡയറക്ടർ പി.ബി.നൂഹ്, ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേ​റ്റർ കെ.രൂപേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.

27ന് വൈകിട്ട് പുതുക്കിയ കേരള ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തോടെ സമാപിക്കുന്ന ഉച്ചകോടിയിലെ പ്രതിനിധികൾ 28ന് മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റും സന്ദർശിക്കും.