വീടിന് തീപി​ടിച്ചു, ഒരു മുറിയും സിറ്റൗട്ടും കത്തി ന​ശിച്ചു

Tuesday 21 February 2023 12:33 AM IST

പന്തളം : ഷോർട്ട് സർക്യൂട്ട് മൂലം വീടിന് തീപിടിച്ചു. ഒരു മുറിയും സിറ്റൗട്ടും പൂർണമായും കത്തി നശിച്ചു. മുടിയൂർകോണം വടക്കേവള്ളിക്കുഴിയിൽ വി.കെ.ശ്രീധരന്റെ വീട്ടി​ലാണ് ഇന്നലെ രാവിലെ 11.30 ഒാടെ തീപിടി​ത്തം ഉണ്ടായത്. അപകടസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കോൺ​ക്രീറ്റ് വീടിന്റെ മുൻവശത്തെ ബെഡ് റൂമിലാണ് ആദ്യം തീപടർന്നത്. ടി​വി​, കട്ടിൽ, മെത്ത, അലമാര, സൈക്കിൾ, വസ്ത്രങ്ങൾ, വാതിലുകൾ, ജനാലകൾ എന്നിവ പൂർണമായും കത്തി നശിച്ചു. വീടിന്റെ പ്ലാസ്റ്ററിംഗ് പൊള്ളി അടരുകയും ഭിത്തികൾക്ക് തകരാർ സംഭവിക്കുകയും ചെയ്തു. ടെലിവിഷൻ പ്ലഗ് പോയിന്റിലെ വയർ ചൂടായി കത്തി സമീപത്തേക്ക് പടരുകയായിരുന്നു. ശ്രീധരൻ, ഭാര്യ രത്നമ്മ , മകൻ ശ്രീജിത്ത് , മകൾ സുജ, സുജയുടെ മകൾ ശ്വേതാ എന്നിവർ അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. സംഭവസമയം ആരും വീട്ടി​ൽ ഉണ്ടായി​രുന്നി​ല്ല. ശ്രീധരനും മകനും സമീപത്തെ പാടത്തായിരുന്നു. ശബ്ദം കേട്ട് മകൻ ശ്രീജിത്താണ് ആദ്യം ഓടിയെത്തിയത്. അടൂരിൽ നിന്നും മാവേലിക്കരയിൽ നിന്നും അഗ്‌നിസേനാവിഭാഗം എത്തി തീ നിയന്ത്രണ വിധേയമാക്കി. പന്തളം എസ്.ഐ രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.റെജികുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.എസ്.ഷാനവാസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ദിനൂപ്, സൂരജ്, ശരത്ത്, ശശികുമാർ, വേണുഗോപാൽ, അനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തി​ൽ പങ്കാളി​കളായി​.