ദേശീയപാത വികസനപദ്ധതി പൂർത്തീകരിക്കാൻ ഇടപടലുകൾ നടത്തും: മന്ത്രി മുഹമ്മദ് റിയാസ് 

Tuesday 21 February 2023 12:09 AM IST
പന്തീരങ്കാവ് ബൈപാസിൽ നടക്കുന്ന ദേശീയപാതയുടെ പ്രവൃത്തി വിലയിരുത്താൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തിയപ്പോൾ.

കോഴിക്കോട്: ദേശീയപാത വികസനപദ്ധതി പൂർത്തീകരിക്കാൻ എല്ലാ നിലയിലും ഇടപെട്ട് മുന്നോട്ടുപോകുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ മാസവും പരിശോധിക്കുന്നുണ്ടെന്നും പ്രവൃത്തി പുരോഗമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. പന്തീരങ്കാവ് ബൈപ്പാസിൽ നടക്കുന്ന ദേശീയപാതയുടെ പ്രവൃത്തി പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു മന്ത്രി.

186 കോടി 77 ലക്ഷം രൂപയുടെ പദ്ധതിയാണ്. 2021 മുതൽ പ്രവൃത്തി നല്ല രീതിയിൽ നടക്കുകയാണ്. ഇപ്പോൾ തന്നെ 30 ശതമാനം പൂർത്തീകരിച്ചുകഴിഞ്ഞു. മുൻ നിശ്ചയിച്ച പ്രകാരം മാർച്ച് ആകുമ്പോഴേക്കും 35ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ച് കഴിയുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ 2024 ജനുവരിയിലാണ് പ്രവൃത്തി പൂർത്തിയാക്കേണ്ടത്. വേഗത്തിൽ നടപ്പിലാക്കിയ ശേഷം ജനങ്ങൾക്ക് തുറന്നു കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രി മുൻകൈയെടുത്ത് വിവിധ വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മാത്രം 1559 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത് ഇതിൽ 25 ശതമാനം സംസ്ഥാന സർക്കാരും ബാക്കി കേന്ദ്ര സർക്കാരുമാണ് ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രോജക്ട് മാനേജർ ദേവരാജുലു റെഡ്ഡി, ചീഫ് എൻജിനീയർ പ്രഭാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.