ദുഷ്യന്ത് കുമാർ ഗൗതമിനു മുന്നിൽ ദുരിതങ്ങൾ വിവരിച്ച് പട്ടികജാതി പട്ടികവർഗ സംഘടനകൾ

Tuesday 21 February 2023 12:09 AM IST
dushyanth

കോഴിക്കോട് : ''പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയാൽ സ്വീകരിക്കുന്നില്ല. കള്ളപ്പരാതിയെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു. പരാതികൾക്ക് രസീത് നൽകുന്നില്ല. പൊലീസ് പാവപ്പെട്ടവന്റെ ഭാഗത്തല്ല. അവരെ ആക്രമിക്കുന്നവർക്കൊപ്പമാണ്,'' ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിനുമുന്നിൽ പട്ടികജാതിപട്ടികവർഗ സംഘടനകൾ ദുരിതങ്ങൾ വിവരിച്ചു. ഇന്നലെ ബി.ജെ.പി സംഘടിപ്പിച്ച പട്ടികജാതിപട്ടികവർഗ സംഘടനകളുടെ നേതൃയോഗത്തിലാണ് നേതാക്കൾ കേരളത്തിൽ തങ്ങളുടെ സമുദായങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ കെട്ടഴിച്ചത്.

വിവരാവകാശം ചോദിച്ചാൽ പോലും ശരിയായ മറുപടി കിട്ടുന്നില്ലെന്ന് നേതാക്കൾ പരാതിപ്പെട്ടു. 2015 മുതൽ 2022 വരെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ പീഡിപ്പിക്കപ്പെട്ടതിൽ എത്രകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് എസ്‌.സി എസ്.ടി സമിതി ജില്ലാ സെക്രട്ടറി പി.കെ. വേലായുധൻ പറഞ്ഞു. ജില്ലയിലെ 1527 എസ് സി കോളനികളിൽ സന്ദർശിച്ചതിന്റെ അനുഭവം അദ്ദേഹം വിവരിച്ചു. തല്ലിക്കൊല്ലപ്പെടുന്നവൻ തൂങ്ങിമരിച്ചെന്ന നിലയിലാണ് പൊലീസ് പരിഗണിക്കുന്നത്. മെഡിക്കൽകോളേജിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി നൽകിയാൽ കള്ളപ്പരാതികളെന്ന് പറഞ്ഞ് തിരസ്‌ക്കരിക്കുമ്പോൾ കോടതിയെ സമീപിക്കേണ്ടിവന്ന നിരവധി സന്ദർഭങ്ങളുണ്ടെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കേരള പുലയമഹാസഭ, കേരള ദളിത് ഫെഡറേഷൻ, കേരള സാംബവ സഭ, കരിമ്പാല സമുദായ സമിതി, മണ്ണാൻവണ്ണാൻസമുതായ സംഘം, മലബാർ എസ്.സി എസ്.ടി സമിതി, പട്ടികജാതി പട്ടികവർഗ സംരക്ഷണ സമിതി, ഭാരതീയ പട്ടികജനസമാജം തുടങ്ങി പന്ത്രണ്ടോളം സംഘടനകളുടെ നേതാക്കളും നഗരത്തിലെ വിവിധ കോളനികളിൽ ഉൾപ്പെടുന്നവരും യോഗത്തിൽ പങ്കെടുത്തു.അംബേദ്ക്കറുടെ സ്വപ്നം പൂർത്തീകരിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്ന് ദുഷ്യന്ത് കുമാർ ഗൗതം പറഞ്ഞു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, സതീഷ് പാറന്നൂർ, മധുപുഴയരികത്ത് എന്നിവർ പ്രസംഗിച്ചു.