ആർ.എസ്.എസ് - ജമാഅത്തെ ചർച്ച: കോൺഗ്രസിനും ലീഗിനും പങ്കുണ്ടോ?-മുഖ്യമന്ത്രി

Tuesday 21 February 2023 4:10 AM IST

■സി.പി.എം ജനകീയ പ്രതിരോധ ജാഥയ്ക്ക് ആവേശത്തുടക്കം

കാസർകോട്: ആർ.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചതല്ലെന്നിരിക്കെ,

കോൺഗ്രസ്‌, ലീഗ്‌, വെൽഫെയർ പാർട്ടി ത്രയത്തിന്‌ ഇതിൽ പങ്കുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കുമ്പളയിൽ

ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലെ ഒരു വിഭാഗം ആർ.എസ്‌.എസിനോട് മൃദു നിലപാട്‌ സ്വീകരിക്കുന്നവരാണ്‌. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെൽഫെയർ പാർട്ടി കേരളത്തിൽ കോൺഗ്രസിന്റേയും ലീഗിന്റെയും കൂടെ അണി നിരന്നവരാണ്‌. അവർ തമ്മിൽ ഒരു പ്രത്യേക കെമിസ്‌ട്രി രൂപപ്പെട്ടിട്ടുണ്ട്‌. ജമാഅത്തെ ഇസ്ലാമി ആർ.എസ്‌.എസുമായി ചർച്ച നടത്തിയതിനെ ഒട്ടേറെ മുസ്ലിം സംഘടനകൾ വിമർശിച്ചിട്ടുണ്ട്‌. ന്യൂനപക്ഷം പൊതുവേ ആഗ്രഹിക്കുന്ന കാര്യമല്ല അത്‌. ലീഗിന്റെ നേതൃത്വത്തിൽ ഒരു വിഭാഗമായിരുന്നു വെൽഫെയർ സഖ്യത്തിന്‌ നേതൃത്വം കൊടുത്തത്‌.

രാജ്യത്ത് മത നിരപേക്ഷക്കെതിരെ കടുത്ത വെല്ലുവിളി ഉയർത്തുകയാണ് മോദി സർക്കാർ. മുത്തലാഖ് നിയമത്തിൽ, മുസ്ലീമായ ഒരാൾ മൊഴി ചൊല്ലിയാൽ ജയിലിൽ അടയ്ക്കുകയാണ്. മറ്റു സമുദായത്തിലാണെങ്കിൽ പ്രശ്നമില്ല. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വർഗീയത എല്ലാ രീതിയിലും രാജ്യത്തിന് ആപത്ത് വരുത്തിവയ്ക്കുന്നതാണ്. സംസ്ഥാനത്തെ കേന്ദ്രം വല്ലാതെ അവഗണിക്കുന്നു. അതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കേരളത്തിലെ പ്രതിപക്ഷവും തീരുമാനിച്ചിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.

ജാഥാ മാനേജർ പി.കെ ബിജു, ജാഥാംഗങ്ങളായ സി.എസ് സുജാത, എം. സ്വരാജ്, ജെയ്‌ക് സി. തോമസ്, കെ.ടി ജലീൽ എം.എൽ.എ എന്നിവർക്ക് പുറമെ, സി.പി.എം കേന്ദ്ര കമ്മിറ്റി

അംഗം പി.കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി സതീഷ് ചന്ദ്രൻ, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് രാവിലെ എട്ടിന് കാസർകോട് ഗസ്റ്റ് ഹൗസിൽ ജാഥാ ലീഡർ എം.വി. ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. തുടർന്ന് ജാഥ ജില്ലയിൽ പ്രചരണം നടത്തും.