പാകിസ്ഥാന്റെ കറന്റ് അക്കൗണ്ട് കമ്മി വെറും 24 കോടി ഡോളർ

Tuesday 21 February 2023 3:16 AM IST

ന്യൂഡൽഹി: സാമ്പത്തികഞെരുക്കത്തിൽ പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാന്റെ വിദേശ നാണയവരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി (സി.എ.ഡി) കഴിഞ്ഞമാസം 90.2 ശതമാനം കുറഞ്ഞ് 24 കോടി ഡോളറായി. 2022 ജനുവരിയിൽ 247 കോടി ഡോളറായിരുന്നു.

കമ്മി കുറഞ്ഞെന്ന് കരുതി ആശ്വസിക്കാൻ പാകിസ്ഥാന് കഴിയില്ല. കൈയിൽ കാശില്ലാത്തതിനാൽ ഇറക്കുമതി വൻതോതിൽ നിയന്ത്രിക്കേണ്ടി വന്നതാണ് കമ്മി കുറയാൻ കാരണം. കേന്ദ്രബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന്റെ കൈയിൽ വിദേശ നാണയശേഖരമായി 320 കോടി ഡോളറേയുള്ളൂ. ഇത് മൂന്നാഴ്‌ചത്തെ ഇറക്കുമതിക്ക് ആവശ്യങ്ങൾക്ക് മാത്രമേ തികയൂ.

56,695 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരം. 10ലേറെ മാസങ്ങളിലെ ഇറക്കുമതിച്ചെലവിന് തുല്യമാണിത്. കഴിഞ്ഞ ഡിസംബറിൽ പാകിസ്ഥാന്റെ കറന്റ് അക്കൗണ്ട് കമ്മി 29 കോടി ഡോളറായിരുന്നു. ഇതിനേക്കാൾ 16.55 ശതമാനം കുറവാണ് കഴിഞ്ഞമാസത്തേത്.

ഐ.എം.എഫ് കനിയണം

സമ്പദ്‌ഞെരുക്കത്തിൽ നിന്ന് കരകയറാനും ദൈനംദിന സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനും ഐ.എം.എഫിൽ നിന്നുള്ള രക്ഷാപാക്കേജിനായി കാത്തിരിക്കുകയാണ് പാകിസ്ഥാൻ സർക്കാർ. വിദേശ നാണയശേഖരം സംരക്ഷിക്കാനായി അവശ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ ഇറക്കുമതി മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

ജനുവരിയിൽ 392 കോടി ഡോളറിന്റെ ഇറക്കുമതി നടന്നു. ഡിസംബറിനേക്കാൾ 7.3 ശതമാനം കുറവാണിത്. ഇക്കാലയളവിൽ കയറ്റുമതി 231 കോടി ഡോളറിൽ നിന്ന് 4.29 ശതമാനം കുറഞ്ഞ് 221 കോടി ഡോളറായി.

ഉത്‌പാദനം കുറച്ച് കമ്പനികൾ

സാമ്പത്തിക പ്രതിസന്ധി, ഇറക്കുമതി നിയന്ത്രണം എന്നിവമൂലം അസംസ്കൃതവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ പാകിസ്ഥാനിലെ വൻകിട കമ്പനികൾ ഉത്‌പാദനം നിറുത്തുകയോ കുറയ്ക്കുകയോ ചെയ്‌തിട്ടുണ്ട്. വൻതോതിൽ തൊഴിൽ നഷ്‌ടത്തിനും ഇത് വഴിയൊരുക്കിയെന്നാണ് വിലയിരുത്തലുകൾ.