വാഹനങ്ങളുടെ ഇൻഷ്വറൻസ് ക്ളെയിം,​ ജി.ഡി എൻട്രിക്ക് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട

Tuesday 21 February 2023 1:55 AM IST

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ കേടുപാടുകൾ പരിഹരിക്കാൻ ഇൻഷ്വറൻസ് കവറേജിനുള്ള ജി.ഡി (ജനറൽ ഡയറി) എൻട്രിക്ക് ഇനി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട. പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷനായ പോൽ ആപ്പ്, ഓൺലൈൻ പോർട്ടലായ തുണ എന്നിവ വഴി ലഭ്യമാക്കാൻ നടപടി. ഇവ വഴി അപേക്ഷ നൽകാം. തുടർന്ന് പൊലീസ് നേരിട്ടെത്തി വാഹന പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി ജി.ഡി എൻട്രി വിവരങ്ങൾ ഇവയിലൂടെതന്നെ ലഭ്യമാക്കും. ഇത് ഡൗൺലോഡ് ചെയ്ത് ഇൻഷ്വറൻസ് ക്ലെയിമിന് അപേക്ഷിക്കാം. അപകടത്തിന്റെയും വാഹനത്തിന്റെയും സാക്ഷികളുടേയും വിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തുന്നതാണ് ജി.ഡി എൻട്രി.

അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ക്ളെയിമിന് ഇൻഷ്വറൻസ് കമ്പനികൾ ജി.ഡി എൻട്രി നിർബന്ധമായും ആവശ്യപ്പെടാറുണ്ട്. ഇതിനായി പൊലീസ് സ്റ്റേഷനുകളിലെത്തിയാൽ ദിവസങ്ങളോളം കയറിയിറങ്ങേണ്ടിവരും. കൈക്കൂലി ചോദിക്കുന്ന പൊലീസുകാരുമുണ്ട്. ഈ പൊല്ലാപ്പുകൾ ഒഴിവാക്കാൻ ചെറിയ തുകയാണെങ്കിൽ ഇൻഷ്വറൻസ് ക്ലെയിം ചിലരെങ്കിലും വേണ്ടെന്നു വയ്ക്കാറുണ്ട്. ഈ ബുദ്ധിമുട്ടുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിലൂടെ ഒഴിവാകും.

പോൽ ആപ്പ് രജിസ്ട്രേഷൻ

മൊബൈലിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യണം

പേരും മൊബൈൽ നമ്പറും നൽകുമ്പോൾ ഒ.ടി.പി ലഭിക്കും

ഇത് രേഖപ്പെടുത്തി ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്യാം

പൊലീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കെല്ലാം ഇതുപയോഗിക്കാം

ജി.ഡി എൻട്രി കിട്ടാൻ റിക്വസ്റ്റ് ആക്സിഡന്റ് ജി.ഡി എന്ന സേവനം

തിരഞ്ഞെടുത്ത് ഫോട്ടോയുൾപ്പെടെ വിവരങ്ങൾ നൽകണം

പൊലീസ് പരിശോധന പൂർത്തിയായാൽ എസ്.എം.എസ് ലഭിക്കും

'തുണ'യിൽ സേവനം ലഭിക്കാൻ www.thuna.keralapolice.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം.

Advertisement
Advertisement