നാല് മന്ത്രിമാരെ വിളിപ്പിച്ചു: അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടേക്കും

Tuesday 21 February 2023 2:56 AM IST

തിരുവനന്തപുരം: സർക്കാരുമായുള്ള അനുരഞ്ചനത്തിന്റെ ഭാഗമായി,രാജ്ഭവനിൽ തടഞ്ഞു വച്ചിരിക്കുന്ന എട്ട് ബില്ലുകളിൽ അഞ്ചെണ്ണത്തിലെങ്കിലും ഗവർണർ ഒപ്പിട്ടേക്കും. സർവകലാശാലാകളിലെ തന്റെ ചാൻസലർ പദവി ഒഴിവാക്കുന്നതും, വൈസ്ചാൻസലർമാരെ നിയമിക്കുന്നതിനുള്ള അധികാരം ഇല്ലാതാക്കുന്നതുമായ ബില്ലുകൾ ഒഴികെയുള്ളവയിലാവും ഒപ്പിടുക.

ഇതിനായി 23ന് വൈകിട്ടെത്താൻ നാല് മന്ത്രിമാരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. ആർ.ബിന്ദു, പി.രാജീവ്, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി എന്നിവരെ കാണാൻ ചീഫ്സെക്രട്ടറിയോട് ഗവർണർ ആഗ്രഹമറിയിച്ചു. രാജ്ഭവനിൽ തടഞ്ഞു വച്ചിരിക്കുന്ന എട്ട് ബില്ലുകൾ ഒപ്പിടണമെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി കത്ത് നൽകിയതിനു പിന്നാലെയാണിത്.

23 വൈകിട്ട് തലസ്ഥാനത്തെത്തുന്ന ഗവർണർ 24 ന് വീണ്ടും ഉത്തരേന്ത്യയിലേക്ക് പോവും.

മാർച്ചിലേ മടങ്ങിയെത്തൂ. അതിനു മുൻപ് മന്ത്രിമാരെ കണ്ട ശേഷം ബില്ലുകളിൽ ഒപ്പിടാനാണ് നീക്കം. ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാർക്കുമൊപ്പമാവും മന്ത്രിമാർ ഗവർണറെ കാണുക.

ഗവർണർ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകളിൽ അഞ്ചെണ്ണം നേരത്തേ ഗവർണർ ഒപ്പിട്ട ഓർഡിനൻസുകൾക്ക് പകരമുള്ളതാണ്. ഗവർണർ നിയമോപദേശം തേടിയപ്പോഴാണ് ഇത്തരം ബില്ലുകൾ തടഞ്ഞു വച്ചിരിക്കുന്നതിന്റെ കുഴപ്പം ബോദ്ധ്യമായത്. ഭരണഘടനയുടെ 213 അനുച്ഛേദമനുസരിച്ച് ഗവർണർ അംഗീകരിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ ഗവർണർ തടഞ്ഞുവച്ചാലും, നിയമസഭ റദ്ദാക്കാത്തിടത്തോളം കാലം ഓർഡിനൻസുണ്ടായിരുന്ന കാലത്തെ വ്യവസ്ഥകൾ നിലനിൽക്കും.ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി, പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, സഹകരണസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി, സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണൽ

ഭേദഗതി എന്നിവ ഗവർണർ അംഗീകരിച്ച ഓർഡിനൻസിന്റെ തുടർച്ചയായി പുറപ്പെടുവിച്ച ബില്ലുകളാണ്.

ഒപ്പിടാൻ സാദ്ധ്യതയില്ലാത്തവ

ർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള രണ്ട് ഭേദഗതി ബില്ലുകൾ.

സെർച്ച് കമ്മിറ്റി സർക്കാരിന് മുൻതൂക്കത്തോടെ അഞ്ചംഗങ്ങളാക്കി വി.സി നിയമനത്തിൽ ഗവർണറെ വെട്ടാനുള്ള ബിൽ.

ഒപ്പിട്ടാൽ ഒരു ബിൽ പിൻവലിക്കാം

യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള അധികാരം തിരികെ നൽകാമെന്ന് ഗവർണർക്ക് സർക്കാർ വാദ്ഗാനം

ഹൈക്കോടതി ചീഫ്ജസ്റ്റിസുമായി കൂടിയാലോചന നടത്തി ജഡ്ജിയെ നിയമിക്കുന്നതിന് പകരം വിരമിച്ച ജഡ്ജിയെ സർക്കാരിന് നിയമിക്കാനാണ് ഭേദഗതി.

ഗവർണർ ബില്ലിൽ ഒപ്പിട്ടാൽ, അത് റദ്ദാക്കാനുള്ള റിപ്പീൽ ബിൽ സഭയിൽ അവതരിപ്പിക്കും

Advertisement
Advertisement