കോടതി പുറത്താക്കിയ വി.സിക്ക് ഔദ്യോഗിക യാത്രഅയപ്പ്, പരാതി

Tuesday 21 February 2023 1:00 AM IST

തിരുവനന്തപുരം: നാല് മാസം മുൻപ് സുപ്രീംകോടതി പുറത്താക്കിയ സാങ്കേതിക സർവകലാശാല വി.സിയായിരുന്ന എം.എസ് രാജശ്രീക്ക് സർവകലാശാല ഇന്നലെ ഔദ്യോഗിക യാത്രഅയപ്പ് നൽകി. പി.വി.സിയായിരുന്ന ഡോ.എസ്. അയൂബിനും യാത്രഅയപ്പ് നൽകി. ഇന്നലെവരെ ജോലിയിലുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന മെമെന്റോ രജിസ്ട്രാർ ഇരുവർക്കും സമ്മാനിച്ചു. വൈസ് ചാൻസലർ ഡോ. സിസാ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നെങ്കിലും ചടങ്ങിൽ നിന്ന് വിട്ടു നിന്നു.

രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ കഴിഞ്ഞ നവംബർ മുതൽ പി.വി.സി ഡോ.അയൂബ് വാഴ്സിറ്റിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2018ലെ യു.ജി.സി ചട്ടപ്രകാരം വി.സിയുടെ കാലാവധിക്കൊപ്പം പി.വി.സിയുടെ കാലാവധിയും അവസാനിക്കും. നാല് മാസം മുൻപ് പുറത്താക്കപ്പെട്ട വി.സിക്കും, ജോലിയിൽ നിന്ന് വിട്ടുനിന്ന പി.വി.സിക്കും ഇന്നലെ ഔദ്യോഗിക കാലാവധി അവസാനിച്ചതായി കാട്ടി യാത്രഅയപ്പ് നൽകിയ രജിസ്ട്രാറുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.