കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കാതെ സർക്കാർ നിയമലംഘനം നടത്തുന്നു: വി.ഡി സതീശൻ

Tuesday 21 February 2023 12:06 AM IST
കോഴിക്കോട് കോംട്രസ്റ്റ് പരിസരത്ത് നടന്ന ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ രാജീവിന്റെയും ഏകദിന നിരാഹാരസത്യാഗ്രഹം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കാതെ സർക്കാർ നിയമലംഘനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോംട്രസ്റ്റ് സ്വത്തും കെട്ടിടവും ഏറ്റെടുത്ത സർക്കാർ നടപടി പൂർത്തീകരിക്കുക,തൊഴിലാളികളെ സംരക്ഷിക്കുക ,ഭൂമി കൈയേറ്റം തടയുക എന്നീ ആവശ്യങ്ങളുമായി ഡി.സിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറും ഐ .എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവും കോംട്രസ്റ്റിന് മുന്നിൽ നടത്തിയ ഏകദിന നിരാഹാര സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബില്ല് പാസായി അഞ്ച് വർഷമായിട്ടും സ്ഥാപനം സർക്കാർ ഏറ്റെടുക്കാത്തത് നിയമ ലംഘനമാണ്. അവർ വാങ്ങിയ സ്റ്റേ ഓർഡറിന് മുകളിൽ അപ്പീൽ പോകാത്തതിന്റെ കാരണവും സർക്കാരിന്റെ സ്വജനപക്ഷപാതമാണ്. നഗരമദ്ധ്യത്തിലെ കോംട്രസ്റ്റ് ഭൂമി സ്വകാര്യ വ്യക്തികൾക്ക് അടിച്ചുമാറ്റാൻ സർക്കാർ കുടപിടിച്ചു നൽകുകയാണ്. ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ സ്‌റ്റേ നടപടിയിൽ അപ്പീൽ നൽകണമെന്നും കോംട്രസ്റ്റ് ഏറ്റെടുക്കാൻ ഉടൻ നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോംട്രസ്റ്റുമായി ബന്ധപ്പെട്ട തൊഴിലാളിപ്രശ്നങ്ങളടങ്ങിയ നിവേദനം തൊഴിലാളികൾ പ്രതിപക്ഷ നേതാവിന് സമർപ്പിച്ചു. സർക്കാർ ഒത്താശയോടുള്ള കടന്നു കയറ്റമാണ് കോംട്രസ്റ്റ് ഭൂമിയിൽ നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ .കെ പ്രവീൺകുമാർ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം അബ്ദു റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ്, മുൻ ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, മുൻ ഡി സി സി പ്രസിഡന്റ് കെ.സി അബു, കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട് , കെ. രാമചന്ദ്രൻ, കെ .പി ബാബു, യു .വി ദിനേശ് മണി, ദിനേശ് പെരുമണ്ണ, ഗൗരി പുതിയോത്ത്, അബ്ദുറഹ്മാൻ എടക്കുനി, ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി കെ. ഷാജി, മനോജ് എടാണി, പി .കെ സന്തോഷ് ,മുനീർ എരവത്ത്, കാവിൽ രാധാകൃഷ്ണൻ, രമേശ് നമ്പിയത്ത് എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം എം.കെ രാഘവൻ എം .പി ഉദ്ഘാടനം ചെയ്തു.