മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പാളയത്തെ വ്യാപാരികൾ ഞങ്ങളില്ല, കല്ലുത്താൻ കടവിലേക്ക്

Tuesday 21 February 2023 12:08 AM IST
കല്ലുത്താൻകടവിലൊരുങ്ങുന്ന പച്ചക്കറി മാർക്കറ്റ് കെട്ടിടം

കോഴിക്കോട്: കല്ലുത്താൻ കടവിലെ കെട്ടിടത്തിലേക്ക് മാറാനില്ലെന്ന് പാളയത്തെ വ്യാപാരികൾ. പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള നടപടികൾ ദ്രുതഗതിയിലായതോടെ വ്യാപാരികളുടെ ആശങ്കയും കൂടിയിരിക്കുകയാണ്.

കല്ലുത്താൻ കടവിലെ കോളനികൾ പൊളിച്ചുമാറ്റിയതോടെയാണ് മാർക്കറ്റ് എത്രയും പെട്ടെന്ന് അവിടേക്ക് മാറ്റാൻ തീരുമാനമായത്. പകരം ആധുനിക രീതിയിലുള്ള പഴം പച്ചക്കറി മാർക്കറ്റാണ് കല്ലുത്താൻ കടവിൽ ഒരുങ്ങിയിരിക്കുന്നത്. ഇവിടുത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് വ്യാപാരികളുടെ നെഞ്ചിടിപ്പേറിയത്. എന്നാൽ നഗരത്തിന്റെ കണ്ണായ പ്രദേശത്ത് പ്രവർത്തിക്കുന്ന പാളയം മാർക്കറ്റ് രണ്ടേക്കറോളം വരുന്ന കല്ലുത്താൻകടവിലേക്ക് മാറ്റിയാൽ ആയിരത്തോളം തൊഴിലാളികളുടെ തൊഴിൽ നഷ്ടമാകുമെന്ന് വ്യാപാരികൾ പറയുന്നു. പാളയത്തുനിന്ന് കുടിയൊഴിക്കപ്പെട്ടാൽ അവർ പലയിടങ്ങളിലായി കച്ചവടം നടത്തും. ഇതോടെ അവിടെയുള്ള ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമാകും. ഉന്തുവണ്ടിക്കാൻ ചുമട്ടുതൊഴിലാളികൾ തുടങ്ങി മാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നവർ വഴിയാധാരമാകും.

നാലേക്കർ സ്ഥലത്താണ് ഇപ്പോഴത്തെ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. എന്നാൽ പകരം നൽകുന്ന കല്ലുത്താൻ കടവിലെ സ്ഥലം ചതുപ്പുനിലമടക്കം രണ്ട് ഏക്കറോളം മാത്രമേ വരുന്നുള്ളൂ. കനാലിനോട് ചേർന്ന് കിടക്കുന്ന ഭൂമിയായതിനാൽ മലിനമാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. കൂടാതെ നൂറുകണക്കിന് ചരക്ക് ലോറികൾ എത്തേണ്ട മാർക്കറ്റിനായി താരതമ്യേനേ വീതി കുറഞ്ഞ റോഡാണ് കല്ലുത്താൻ കടവിലുള്ളത്. ഇതിലൂടെ കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാൻ സാധിക്കുകയുള്ളൂ. ഇത് മാർക്കറ്റിലേക്ക് ലോഡുമായെത്തുന്ന വലിയ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോടൊപ്പം കൂടുതൽ ഗതാഗതക്കുരുക്കിലേക്ക് നീങ്ങുകയും ചെയ്യുമെന്നാണ് വ്യാപാരികൾ പറയുന്നത്.

2009 നവംബറിൽ അന്നത്തെ മേയർ എം.ഭാസ്‌കരന്റെ നേതൃത്വത്തിലാണ് മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാൻ തീരുമാനമായത്. എന്നാൽ കെട്ടിട നിർമ്മാണത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ എതിർപ്പുമായി വിവിധ സംഘടനകൾ രംഗത്തെത്തുകയും നിരവധി നിവേദനങ്ങൾ നൽകുകയും ചെയ്തു. എന്നാൽ കോർപ്പറേഷൻ അവഗണിക്കുകയായിരുന്നുവെന്ന് കച്ചവടക്കാർ ആരോപിക്കുന്നു. ഇവരുടെ പ്രതിഷേധത്തെ മറി കടന്നു കൊണ്ടാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്.

പാളയം മാർക്കറ്റിന്റെ ഭാഗത്ത് ഉപയോഗിക്കാതെ കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലമുണ്ട്. പച്ചക്കറി മാർക്കറ്റ് മാത്രം നാലര ഏക്കറിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ രണ്ടര ഏക്കർ പോലും വിനിയോഗിക്കപ്പെട്ടിട്ടില്ല. പകുതി സ്ഥലമാണ് ഉപയോഗപ്രദമായി കിടക്കുന്നത്. ഇവിടം ഉപയോഗപ്രദമാക്കിയാൽ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ സുഗമമാകും. മാർക്കറ്റ് വിപുലീകരിച്ചു കൊണ്ട് ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞാൽ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

മാർക്കറ്റിന് പകരം മൾട്ടി ലെവൽ കൊമേസ്യൽ കോംപ്ലക്സ് നിർമിക്കാൻ ബി.ഒ.ടി അടിസ്ഥാനത്തിൽ ബെംഗളുരുവിലെ അരമന ഡെവലപ്പേഴ്സിനാണ് കരാർ നൽകിയിരിക്കുന്നത്. 36 വർഷവും ആറുമാസവും കഴിയുമ്പോൾ നിർമാണ കമ്പനി മാർക്കറ്റ് കോർപറേഷനെ ഏൽപിക്കും. അതുവരെ വർഷം പത്തുലക്ഷം രൂപ കോർപറേഷന് നൽകണം. ഈ കാലയളവിൽ കമ്പനി തീരുമാനിക്കുന്ന വാടക ഈടാക്കാം എന്നതാണ് വ്യവസ്ഥ.

#ധർണയുമായി വ്യാപാരികൾ

പച്ചക്കറി മാർക്കെറ്റ് നവീകരിക്കണമെന്നും നിലവിലുള്ള സ്ഥലത്ത് നിന്ന് മാർക്കറ്റിനെ പാളയത്തേക്ക് പറിച്ചു നടരുതെന്നും ആവശ്യപ്പെട്ട് 23 ന് രാവിലെ 10 മണിക്ക് കോർപ്പറേഷൻ ഓഫീസിലേക്ക് പാളയം മേഖല സമര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാളയം മാർക്കറ്റ് സൗകര്യങ്ങളോട് കൂടി ആധുനിക രീതിയിൽ നവീകരിച്ചു കൊണ്ട് കോർപ്പറേഷൻ നിലവിലുള്ള സ്ഥലത്ത് മാർക്കറ്റും, മറ്റു അനുബന്ധ സൗകര്യങ്ങളും വർദ്ധിപ്പിക്കാനാവശ്യമായ, എല്ലാ സാദ്ധ്യതകളും നിലവിലുണ്ട്. ഇവ ഉപയോഗപ്പടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കോർപ്പറേഷൻ ചർച്ചയ്ക്ക് തയ്യാറായാൽ വിശദമായ പദ്ധതി രേഖ സമർപ്പിക്കാൻ സംരക്ഷണ സമര സമിതി തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പാളയം മേഖല സമര സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ.പി.എം ഹനീഫ (എസ്.ടി.യു), എസ്.എഫ്.എസ് അക്ബർ (വെജിറ്റബിൾ മർച്ചന്റ് അസോ), എ.വി മുസ്തഫ(സി.ഐ.ടി.യു), റഷീദ് (ഫ്രൂട്ട്സ് മർച്ചന്റ് അസോ), ജലീൽ( ഐ.എൻ.ടി.യു.സി), എം മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement