സർക്കാരിനെ മറികടക്കാൻ ചാൻസലർക്ക് കഴിയില്ല

Tuesday 21 February 2023 2:09 AM IST

കൊച്ചി: ചാൻസലർക്ക് സർക്കാരിനെ മറികടന്ന് സാങ്കേതിക സർവകലാശാലയ്ക്ക് താത്കാലിക വി.സിയെ നിയമിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചത്തെ വിധിയുടെ വിശദാംശങ്ങൾ ഇന്നലെയാണ് പുറത്തു വന്നത്.

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. താത്കാലിക വി.സി നിയമനത്തിന് ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥടക്കമുള്ളവരുടെ പേരുകളാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ സജി ഗോപിനാഥിന്റെ നിയമനം തന്നെ സംശയത്തിന്റെ നിഴലിലാണെന്ന് വിലയിരുത്തിയാണ് ഗവർണർ സ്വന്തം നിലയ്ക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനു താത്കാലിക വി.സിയുടെ ചുമതല നൽകിയത്.

ഹൈക്കോടതി പറയുന്നു

താത്കാലിക വി.സി നിയമനത്തിന് സർക്കാർ ശുപാർശ ചെയ്തവർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഇല്ലെന്ന കാരണത്താൽ യോഗ്യതയുള്ളവരെ ശുപാർശ ചെയ്യാനുള്ള സർക്കാരിന്റെ അധികാരം ഇല്ലാതാകുന്നില്ല. നിയമം അനുശാസിക്കുന്ന നിയമന രീതി മറികടന്ന് ചാൻസലർക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താനാവില്ല. സാങ്കേതിക സർവകലാശാലാ നിയമത്തിലെ സെക്ഷൻ 13(7) പ്രകാരമേ താത്കാലിക വി.സി നിയമനം നടത്താനാവൂ.