അരലക്ഷം പേർക്കും മുൻഗണനാ കാർഡുകൾ, വിതരണോദ്ഘാടനം ഇന്ന്

Tuesday 21 February 2023 2:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷൻ ലഭിക്കുന്ന മുൻഗണനാ പട്ടികയിൽ പുതിയതായി 50,461കുടുംബങ്ങൾ കൂടി ഇടംതേടി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാറുന്ന സാമ്പത്തിക ഘടകങ്ങൾക്കനുസരിച്ച് റേഷൻ കാർഡുകളുടെ മുൻഗണനാപട്ടിക പുതുക്കി നിശ്ചയിച്ചപ്പോഴാണ് ഇത്രയും പേർക്ക് മുൻഗണനാ കാർഡ് ലഭിക്കുന്നത്.

ഇതിനായി ഓൺലൈൻ മുഖേനയുള്ള അപേക്ഷകരിൽ അർഹരായവരെ ഉൾപ്പെടുത്തിയാണ് കാർഡ് അനുവദിച്ചിട്ടുള്ളത്.തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എ.എ.വൈ കാർഡ് നൽകുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

പുതിയ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് 3.30ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

റേഷൻ കാർഡുടമകളേയും അംഗങ്ങളേയും ആധാർ കാർഡുമായി ബന്ധിപ്പിക്കൽ ദൗത്യം നൂറുശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കും.മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും.റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വെബ് പോർട്ടൽ മന്ത്രി ആന്റണി രാജു സ്വിച്ച്‌ഓൺ ചെയ്യും.