വനിതാ ടി.ടി.ഇക്ക് കൈയേറ്റം: അർജുൻ ആയങ്കി റിമാൻഡിൽ
Tuesday 21 February 2023 12:00 AM IST
തൃശൂർ: വനിതാ ടി.ടി.ഇയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയിൽ സ്വർണക്കടത്തുകേസ് പ്രതി അർജുൻ ആയങ്കി റിമാൻഡിൽ. പ്രതി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നയാളുമാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജഡ്ജി ഇന്ദു പി.രാജ് ജാമ്യാപേക്ഷ തള്ളിയത്.
ഒരു മാസം മുൻപ് ഗാന്ധിധാം എക്‌സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ജനറൽ ടിക്കറ്റുമായി അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ കയറി. വനിതാ ടി.ടി.ഇ ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ ടി.ടിഇയെ പിടിച്ചുതള്ളി. പരസ്യമായി അസഭ്യം പറഞ്ഞു.
ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ ടി.ടി.ഇ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകി. സംഭവം നടന്നത് തൃശൂരിലായതിനാൽ കേസ് തൃശൂരിലേക്ക് കൈമാറി. കഴിഞ്ഞ മാസം 31ന് അർജുൻ കോടതിയിൽ കീഴടങ്ങിയിരുന്നു.