ശമ്പള പ്രശ്നം: ട്രാൻ. തൊഴിലാളി നേതാക്കളുമായി മന്ത്രിയുടെ ചർച്ച

Tuesday 21 February 2023 4:15 AM IST

തിരുവനന്തപുരം: രണ്ട് ഗഡുവായി ശമ്പളം നൽകാനുള്ള മാനേജ്മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ച്സമരവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനാ നേതാക്കളുമായി മന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഈ മാസം ഒടുവിലായിരിക്കും ചർച്ച.

ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നതിനോട് കെ.എസ്.ആർ.ടി.സി ജീവനക്കാർ സഹകരിക്കണമെന്നാണ് ആന്റണി രാജുവിന്റെ നിലപാട്.

ഇന്നലേയും സംസ്ഥാന വ്യാപകമായി തൊഴിലാളികൾ സമരം നടത്തി. മാനേജ്‌മെന്റിനെതിരെ ജീവനക്കാർ 10,000 കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു.

വിക്രമാദിത്യൻ വേതാളത്തെ തോളത്തിട്ട പോലെ മന്ത്രി ആന്റണി രാജു സി.എം.ഡി ബിജു പ്രഭാകറിനെ ചുമക്കുകയാണെന്ന് ചീഫ് ഓഫീസിനു മുന്നിൽ നടന്ന സമരത്തിൽ കെ.എസ്.ആർ.ടി.ഇ.എ വർക്കിംഗ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ പരിഹസിച്ചു. വേതാളത്തിന്റെ കഥ കേട്ട് എന്തും വിളിച്ച് പറയാമെന്ന നില മന്ത്രി അവസാനിപ്പിക്കണമെന്നു ഹരികൃഷ്ണൻ പറഞ്ഞു.

എംപ്ലോയീസ് യൂണിയന്റെ (ഐ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ തമ്പാനൂർ ഡിപ്പോയിലേക്ക് മാർച്ച് നടത്തി.