ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, ക്ഷേത്രങ്ങളിലേക്ക് കേന്ദ്രീകൃത പർച്ചേസ് വേണ്ട:സുപ്രീംകോടതി
ന്യൂ ഡൽഹി : മായം കലർന്ന പൂജാദ്രവ്യങ്ങൾ ഒഴിവക്കാൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലേക്കുളള പൂജ സാധനങ്ങൾ കേന്ദ്രീകൃത സംഭരണസംവിധാനം വഴി വിതരണം ചെയ്യണമെന്ന
ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ഹൈക്കോടതി തീരുമാനം അപ്രായോഗികമാണെന്ന് കാട്ടി ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റസ് കെ.ടി.ശങ്കരൻ കമ്മിറ്റി ദേവസ്വം ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളിൽ സെൻട്രൽ സ്‌റ്രോർ സംവിധാനത്തിലൂടെ പൂജാ സാധനങ്ങളെത്തിക്കുകയെന്നത് പ്രായോഗികമല്ലെന്ന് റിപ്പോർട്ട് നൽകി. അതേസമയം, ഗുണമേൻമയില്ലാത്ത പൂജാദ്രവ്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മഞ്ഞളും രാമച്ചവും ചന്ദനവും ഒരുമിച്ച് പൊടിച്ച് പ്രസാദമായി നൽകുന്നത് പരിഗണിക്കണമെന്നും ശുപാർശ ചെയ്തു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശം നൽകി.
ഹൈക്കോടതി വിധി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജി കെ.ടി. ശങ്കരനെ റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ചത്. ദേവസ്വം സബ് ഓഫീസർമാർ പൂജാ സാധനങ്ങൾ വാങ്ങുന്നത് അഴിമതിക്ക് കളമൊരുക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
പൂജാദ്രവ്യങ്ങൾക്ക്
ഗുണമേൻമയില്ല
1.ഗുണമേൻമയില്ലാത്ത പൂജാ ദ്രവ്യങ്ങളാണ് ഉപയോഗിക്കുന്നതെന്ന്
റിപ്പോർട്ടിൽ പറയുന്നു. ചന്ദനം, എണ്ണ, നെയ്യ് എന്നിവയടക്കം ഗുണനിലവാരമില്ലാത്തവയാണ്. മിക്കിയടത്തും എള്ളെണ്ണയാണ്. ഉപയോഗശൂന്യമായ വിളക്കെണ്ണ വ്യാപകമായി ഉപയോഗിക്കുന്നു.
2. വെളിച്ചെണ്ണ അഭികാമ്യം. ചില ക്ഷേത്രങ്ങളിൽ മാത്രമാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. നെയ്യ് ഉപയോഗിക്കാമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു.
3.മിക്കക്ഷേത്രങ്ങളിലും കൃത്രിമ ചന്ദനമാണ് ഉപയോഗിക്കുന്നത്. യഥാർത്ഥ ചന്ദനത്തിന്റെ വിലക്കൂടുതലാണ് കാരണം. കിലോയ്‌ക്ക് 15000-25000 വരെയാണ് ചന്ദനത്തിന്റെ നിരക്ക്. കൃത്രിമ ചന്ദനവും ഭസ്‌മവും വിഗ്രഹങ്ങൾക്ക് ദോഷമുണ്ടാക്കുന്നുവെന്ന് ഭക്തർ കരുതുന്നു. നെറ്റിയിൽതൊടുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം.
കേസിന്റെ തുടക്കം
തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ മായംകലർന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിക്കുന്നതായി കാട്ടി 2018 ൽ മാവേലിക്കര സ്വദേശി പി.സുരേഷ് കുമാർ അയച്ച കത്ത് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.
2019 മാർച്ചിൽ കേന്ദ്രീകൃത സംവിധാനം വേണമെന്ന് വിധിവന്നു.
നിലവിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ വാങ്ങുന്നത്. ദേവസ്വം ബോർഡിന്റെ അപ്പീലിൽ സുപ്രീംകോടതി സ്റ്റേ ചെയ്തു.