മുഖ്യമന്ത്രിക്കു നേരെ രണ്ടിടങ്ങളിൽ കരിങ്കൊടി

Tuesday 21 February 2023 4:18 AM IST

തളിപ്പറമ്പ്: മുൻകരുതൽ അറസ്റ്റ് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനു നേരെ രണ്ടിടങ്ങളിൽ കരിങ്കൊടി കാണിച്ചു. ഇന്നലെ രാവിലെ ചുടലയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, വൈസ് പ്രസിഡന്റ് വി. രാഹുൽ, സി.വി. വരുൺ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽവച്ച് യൂത്ത്കോൺഗ്രസ് നേതാക്കളായ സന്ദീപ് പാണപ്പുഴ, മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, വിജേഷ് മാട്ടൂൽ, രാഹുൽ പൂങ്കാവ്, മനോജ് കൈതപ്രം, ജെയ്സൺ മാത്യു

എന്നിവരുടെ നേതൃത്വത്തിലും കരിങ്കൊടി കാണിച്ചു. ഇവരെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുമെന്ന സൂചനയെ തുടർന്ന് തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം രാഹുൽ ദാമോദരൻ, നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. സായൂജ്, സെക്രട്ടറി കെ.വി. സുരാഗ്, മണ്ഡലം സെക്രട്ടറിമാരായ എ. മുരളി, എസ്. ഇർഷാദ്, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് പന്നിയൂരിലെ നൗഷാദ് പുതുക്കണ്ടം എന്നിവരെ മുൻകരുതലായി അറസ്റ്റ് ചെയ്തിരുന്നു.