ഓസീസിന് പരിക്കും പണിയാവുന്നു

Monday 20 February 2023 11:32 PM IST

വാർണറും ഹേസൽവുഡും തിരിച്ചുപോകുന്നു

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും തകർന്നടിഞ്ഞ ആസ്ട്രേലിയയുടെ ഉയിർത്തെണീൽപ്പിനുള്ള ശ്രമങ്ങൾക്ക് ആഘാതമായി പ്രമുഖ താരങ്ങളുടെ പരിക്ക്. പേസർ ജോഷ് ഹേസൽവുഡ്,ഡേവിഡ് വാർണർ, ആഷ്ടൺ അഗർ, മാറ്റ് റെൻഷോ എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇതിൽ ഹേസൽവുഡും വാർണറും നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഉപ്പൂറ്റിയിലെ പരിക്കിനെ തുടർന്ന് ഹേസൽവുഡ് ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. പരിക്ക് ഇനിയും ഭേദമാകാത്ത സാഹചര്യത്തിലാണ് താരത്തെ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചത്. ഡൽഹിയിലെ രണ്ടാം ടെസ്റ്റിനിടെ പന്ത് കൊണ്ട് കൈക്കും തലയ്ക്കും പരിക്കേറ്റതാണ് വാർണർക്ക് തിരിച്ചടിയായത്. ആദ്യ ദിവസം ബാറ്റിംഗിനിടെ പന്ത് ഹെൽമറ്റിൽ ഇടിച്ചിട്ടും കളി തുടർന്ന വാർണർക്ക് പകരം രണ്ടാം ദിവസം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോയാണ് കളത്തിലിറങ്ങിയത്. വിശദപരിശോധനയിൽ വാർണറുടെ കൈക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായതോടെയാണ് മടക്കി അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. ടോഡ് മർഫി, റെൻഷോ, ആഷ്ടൺ അഗർ എന്നിവരെ നാളെ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷം പകരക്കാരെ വേണമെങ്കിൽ പ്രഖ്യാപിക്കും.

അതേസമയം കുടുംബാംഗത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങി.ഡൽഹി ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ചതോടെ മൂന്നാം ടെസ്റ്റിനിടയ്ക്ക് 10 ദിവസത്തെ ഇടവേളയുണ്ട്. മാർച്ച് ഒന്നിന് ഇൻഡോറിൽ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് കമ്മിൻസ് തിരിച്ചെത്തും. ആദ്യ ടെസ്റ്റിനു പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് സ്പിന്നർ മിച്ചൽ സ്വെപ്‌സൺ നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്വെപ്‌സണിന് പകരമാണ് മാത്യു ക്യുനേമൻ എത്തിയത്. ക്യുനേമൻ ഡൽഹിയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.