പൊലീസ് ക്രിമിനൽ പിരിച്ചുവിടലിന്  തുടക്കത്തിലേ പൂട്ട്, രക്ഷിക്കാൻ പൊലീസ് സംഘടനകളും ഉന്നതരും

Tuesday 21 February 2023 4:29 AM IST
കഴിഞ്ഞ നവംബർ 14ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: സ്ഥിരമായി ഗുരുതരകുറ്റം ചെയ്യുന്ന പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം അട്ടിമറിച്ചു.

ഗുരുതര കേസുകളിൽപ്പെട്ട 59 ഉദ്യോഗസ്ഥരിൽ 12പേരെ ഉടനടി പിരിച്ചുവിടാൻ തുടങ്ങിവച്ച നടപടികളാണ് മരവിപ്പിച്ചത്.

ഇവരെ സംരക്ഷിക്കാൻ പൊലീസ് സംഘടനകളും ഉന്നത ഓഫീസർമാരും രാഷ്ട്രീയ നേതൃത്വവും കൈകോർക്കുകയായിരുന്നു.ക്രിമിനൽകേസിൽപെട്ടവരുടെ അന്തിമലിസ്റ്റ് ജില്ലകളിൽ നിന്ന് നൽകുന്നത് നീട്ടിക്കൊണ്ടുപോയി. പൊലീസ് ആസ്ഥാനത്തെ തുടർനടപടികൾക്ക് തടയിടുകയും ചെയ്തു. ഇതോടെ

കുഴപ്പക്കാർ ക്രമസമാധാനചുമതലയിൽ തുടരുകയാണ്. മാസപ്പടിക്ക് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെയും കസ്റ്റഡിക്കൊലയിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെയും തിരിച്ചെടുക്കുകയും ചെയ്തു.

സ്ത്രീപീഡനമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽപെട്ട ഇൻസ്പെക്ടർ പി.ആർ.സുനുവിനെ പിരിച്ചുവിട്ടുകൊണ്ട് ജനുവരി പത്തിനാണ് പൊലീസ് ക്രിമിനലുകൾക്കെതിരെ നടപടി തുടങ്ങിയത്. പീഡനക്കേസുകളിലെ പ്രതികളും അന്വേഷണം അട്ടിമറിച്ചവരുമായ നാലുപേരെ പിന്നാലെ പിരിച്ചുവിട്ടു. രണ്ട് ഡിവൈ.എസ്.പിമാരടക്കം ആറ് പേർ സസ്പെൻഷനിലായി. ഇതോടെയാണ് ക്രിമിനൽ പൊലീസുകാർ സമ്മർദ്ദവുമായി രംഗത്തിറങ്ങിയത്.

ഇതിനിടെ, ദീർഘകാലമായി വാറണ്ടുള്ളവരെ പിടികൂടാൻ ഗുണ്ടാവേട്ടയെന്ന വ്യാജേന ഓപ്പറേഷൻ നടത്തിയും മണ്ണ്-മണൽ മാഫിയാ ബന്ധമുള്ള തലസ്ഥാനത്തെ ഏതാനും പൊലീസുകാരെ സസ്പെൻഡ് ചെയ്തും ജനങ്ങളുടെ കണ്ണിൽപൊടിയിട്ടു. മംഗലപുരം സ്റ്റേഷനിലെ എല്ലാവരെയും കൂട്ടത്തോടെ സ്ഥലംമാറ്റി. ഇതിന്റെ മറവിൽ കുറ്റവാളികളായ പൊലീസുകാർക്ക് രാഷ്ട്രീയ-സംഘടനാ സംരക്ഷണമൊരുക്കി.

പൊലീസിൽ ക്രിമിനലുകൾ വാഴുന്നതിന്റെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി 'കേരളകൗമുദി' മുഖ്യവാർത്തയും `ക്രിമിനൽത്തൊപ്പി'എന്ന പരമ്പരയും പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് പൊലീസ് ആക്ടിലെ സെക്ഷൻ-86 പ്രയോഗിച്ച് സ്ഥിരം കുഴപ്പക്കാരെ പിരിച്ചുവിടാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദ്ദേശം നൽകിയത്.

ഒത്തുകളി

1.രണ്ട് പീഡനക്കേസുകളിലും ഹൈക്കോടതിയിൽ ജാമ്യമെടുക്കാൻ വ്യാജരേഖ നൽകിയതിനും പ്രതിയായ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സി.ഐ എ.വി.സൈജു മാസങ്ങളായി ഒളിവിലാണ്.

2. പോക്‌സോ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ഇൻസ്പെക്ടർ ആർ.ജയസനലിന്റെ മുൻകൂർജാമ്യാപേക്ഷ ജനുവരിയിൽ തള്ളിയിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.

.

താമസം നടപടിക്രമത്തിൽ

നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലെ കാലതാമസം കാരണമാണ് കുറ്റക്കാർക്കെതിരായ നടപടി വൈകുന്നതെന്ന് പൊലീസ് ആസ്ഥാനം. പി.ആർ.സുനുവിനെ പിരിച്ചുവിട്ടത് ഒന്നരമാസത്തെ നടപടിക്കുശേഷമാണ്.