കോളേജ് അദ്ധ്യാപക നിയമനം: പ്രായപരിധി ഒഴിവാക്കിയേക്കും
Monday 20 February 2023 11:32 PM IST
തിരുവനന്തപുരം: കോളേജ് അദ്ധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഒഴിവാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. നിലവിൽ പൊതുവിഭാഗങ്ങൾക്ക് 40, ഒ.ബി.സിക്ക് 43, പട്ടികവിഭാഗങ്ങൾക്ക് 45 എന്നിങ്ങനെയാണ് പ്രായപരിധി. യു.ജി.സി പ്രായപരിധി നിർദ്ദേശിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും പ്രായപരിധിയില്ല. ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനുള്ള പ്രൊഫ. ശ്യാം.ബി.മേനോൻ കമ്മിഷനും ഇക്കാര്യം ശുപാർശ ചെയ്തിരുന്നു. പി.എച്ച്. ഡിയുള്ളവരെയാണ് അസി.പ്രൊഫസറായി നിയോഗിക്കുന്നത്. ഇത് നേടാൻ 35വയസെങ്കിലുമാവും. പോസ്റ്റ് ഡോക്ടറൽ ബിരുദങ്ങളടക്കം നേടുന്നവർക്ക് കോളേജ് അദ്ധ്യാപകരായി അപേക്ഷിക്കാൻ പ്രായപരിധി തടസമാവുന്നുണ്ട്. പ്രായപരിധി ഒഴിവാക്കിയാൽ സമർത്ഥരായ അദ്ധ്യാപകരെ ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനായി നിയമഭേദഗതി വേണ്ടിവരും.