ബാഴ്സയ്ക്ക് ജയം

Monday 20 February 2023 11:40 PM IST

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കാഡിസിനെ കീഴടക്കിയ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 43-ാം മിനിട്ടിൽ സെർജി റോബർട്ടോയും 45-ാം മിനിട്ടിൽ റോബർട്ട് ലെവാൻഡോവ്സ്കിയും നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. 22 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായാണ് ബാഴ്സ ഒന്നാമതുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ഒസാസുനയെ 2-0ത്തിന് കീഴടക്കിയ റയൽ മാഡ്രിഡ് 51 പോയിന്റുമായി രണ്ടാമതുണ്ട്. രണ്ടാം പകുതുയിൽ ഫ്രെഡറിക്കോ വാൽവെർദെയും മാർക്കോ അസൻഷ്യോയും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം അന്റോയ്ൻ ഗ്രീസ്മാൻ നേടിയ ഏകഗോളിന് അത്‌ലറ്റിക് ക്ളബിനെ തോൽപ്പിച്ചു. 41 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്.