തിരുനാവായയിൽ കുംഭമാസ ബലി തർപ്പണം

Tuesday 21 February 2023 12:43 AM IST

തിരൂർ: ത്രിമൂർത്തി സംഗമ സ്ഥാനമായ തിരുനാവായയിൽ കുംഭമാസ ബലിതർപ്പണം നടത്തി ആയിരങ്ങൾ. പതിനാറോളം കർമ്മികളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ടുമുതൽ ആരംഭിച്ച ബലി തർപ്പണ ചടങ്ങ് രാവിലെ പത്തോടെയാണ് പൂർത്തിയായത്. ക്ഷേത്രഎക്സിക്യൂട്ടീവ് ഓഫീസർ പരമേശ്വരന്റെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും മറ്റു സന്നദ്ധ സംഘടനകളും ചേർന്ന് വൻ സുരക്ഷാ സംവിധാനമാണ് ബലിതർപ്പണ കടവുകളിൽ ഒരുക്കിയത്. ഭാരതപ്പുഴയിൽ വെള്ളം കുറവാണെങ്കിലും ബലിതർപ്പണത്തിന് എത്തിയവർക്ക് എല്ലാ സൗകര്യങ്ങളും തിരുനാവായ ദേവസ്വം ഒരുക്കിയിരുന്നു. വാഹന പാർക്കിംഗിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയും ദേവസ്വം കൗണ്ടറിന് പുറമേ പുറത്തും പ്രത്യേക കൗണ്ടറുകളൊരുക്കിയും തിരക്ക് നിയന്ത്രിക്കാനായി. ബലിതർപ്പണത്തിനെത്തിയവർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.