സ്‌കൂൾ ബസിനു പിന്നിൽ ടോറസ് ഇടിച്ചു
Tuesday 21 February 2023 12:42 AM IST
മൂവാറ്റുപുഴ: സ്‌കൂൾ ബസിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂവാറ്റുപുഴ - ആരക്കുഴ റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് ആരക്കുഴ സെന്റ് ജോസഫ്‌സ് സ്‌കൂൾ ബസും മൂവാറ്റുപുഴയിൽ നിന്ന് ആരക്കുഴയ്ക്ക് പോവുകയായിരുന്ന ടോറസ് ലോറിയും അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളെ കയറ്റുന്നതിനായി ബസ് നിർത്തിയപ്പോൾ ലോറി പിന്നിൽ ഇടിക്കുകയായിരുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ മൂവാറ്റുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അശ്രദ്ധമായി വണ്ടി ഓടിച്ചതിന് ടോറസ് ഡ്രൈവറുടെ പേരിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.