ആശുപത്രി മാലിന്യത്തിൽ തീപിടിത്തം

Tuesday 21 February 2023 12:42 AM IST
ആശുപത്രി മാലിന്യങ്ങൾ സംഭരിച്ചിരുന്ന ഗോഡൗണിൽ തീ പിടിച്ചപ്പോൾ

തൃക്കാക്കര: ആശുപത്രി മാലിന്യങ്ങൾ സംഭരിച്ചിരുന്ന തുതിയൂർ പാലച്ചുവട് കാളച്ചാൽ അമ്പലകുളം റോഡിലെ ഗോഡൗണിൽ വൻ തീപിടിത്തം. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉൾപ്പെടെ സംഭരിച്ചിരുന്ന മാലിന്യ കൂമ്പാരത്തിൽ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ തീ പടരുകയായിരുന്നു. തൃക്കാക്കര അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആശുപത്രി മാലിന്യങ്ങൾ ഉടൻ മാറ്റാൻ കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. നഗരസഭാ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു, വിദ്യാഭ്യാസ സ്ഥിരം കമ്മിറ്റി അദ്ധ്യക്ഷൻ നൗഷാദ് പല്ലച്ചി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.