ദൈവദൂതനായി കുഞ്ഞിക്കൊച്ച് ഹാജി: കടുങ്ങല്ലൂരിൽ മൂന്നുപേർക്കുകൂടി കിടപ്പാടമൊരുങ്ങും

Tuesday 21 February 2023 12:14 AM IST
കുഞ്ഞിക്കൊച്ച് ഹാജി

ആലുവ: മുപ്പത്തടം മഠത്തുംപടി പുറന്തലപ്പാടത്ത് കുഞ്ഞിക്കൊച്ച് ഹാജിയുടെ കാരുണ്യം മൂന്ന് നിർദ്ധനർക്കുകൂടി വീടൊരുക്കും. ഇതോടെ കുഞ്ഞിക്കൊച്ച് ഹാജിയും കുടുംബവും ഗ്രാമ - ബ്ളോക്ക് പഞ്ചായത്തിനുമായി വിട്ടുനൽകിയത് മൂന്നേക്കറിലേറെ ഭൂമി. ഒരു സെന്റ് ഭൂമിക്കായിപോലും അയൽവാസികളോടും എന്തിനേറെ സ്വന്തം സഹോദരങ്ങളോടുപോലും മല്ലിടുന്നവർക്ക് കുഞ്ഞിക്കൊച്ച് ഹാജിയെ കണ്ടുപഠിക്കാം.

വർഷങ്ങൾക്കുമുമ്പ് കടുങ്ങല്ലൂരിലെ എരമത്ത് ഹരിജൻ കോളനിക്കും മൂന്ന് - നാല് സെന്റ് കോളനികൾക്കും കുഞ്ഞിക്കൊച്ച് ഹാജിഭൂമി നൽകിയിരുന്നു. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് പാനായിക്കുളത്തും ഭവനപദ്ധതിക്കായി ഒരേക്കർ നൽകി. രണ്ടരവർഷംമുമ്പ് കടുങ്ങല്ലൂരിൽ നാലുപേർക്ക് വീട് നിർമ്മിക്കാൻ ഭൂമിനൽകി. കാൻസർ ബാധിച്ച് മരിച്ച മകൾ റഹ്മത്തിന്റെ സ്മരണയ്ക്കായി ഒരാളുടെ വീട് പൂർണമായും നിർമ്മിച്ചുനൽകി. മൂന്ന് വീടുകളുടെ നിർമ്മാണത്തിലും ഭാഗികമായി പങ്കാളിയായി. അങ്കണവാടിക്കും നാലുസെന്റ് സ്ഥലവും പഞ്ചായത്തിനായി പഞ്ചായത്ത് ഓഫീസിന് സമീപം 10 സെന്റ് സ്ഥലവും വിട്ടുനൽകി. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ മൂന്നുപേർക്കുകൂടി സ്ഥലംനൽകുന്നത്.

21 -ാം വാർഡിൽ പടിഞ്ഞാറെ കടുങ്ങല്ലൂരിൽ വെളിയത്തുപറമ്പിൽ 2.100 സെന്റ് സ്ഥലംവീതം ജയശ്രീ അനിൽകുമാർ, ബിന്ദു ഗംഗാധരൻ, മഹേഷ്‌കുമാർ അക്കാട്ട് എന്നിവർക്കാണ് നൽകിയത്. വീടുകളിലേക്ക് മൂന്നുമീറ്റർ വഴിയും നൽകി. വാടകവീടുകളിൽ കഴിയുന്ന ജയശ്രീ, ബിന്ദു എന്നിവർ വിധവകളും മഹേഷ് നിർദ്ധനനുമാണ്. എടയാറ്റുചാലിന് സമീപം കാമ്പിള്ളി റോഡിൽ ഒരേക്കർ ഭൂമി ലൈഫ് പദ്ധതിക്കായി വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. റോഡരികിലാണെങ്കിലും തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലായതിനാൽ നിയമവശം പരിശോധിച്ച് തീരുമാനിക്കാമെന്നാണ് മന്ത്രി പി. രാജീവ് ഉറപ്പ് നൽകിയിട്ടുള്ളത്.

സിനിമാ നിർമ്മാണവും കരാർജോലിയും

സാമ്പത്തികഭദ്രതയുള്ള കുടുംബമായിരുന്നു കുഞ്ഞിക്കൊച്ചിന്റേത്. നിർദ്ധനരെ സഹായിക്കുന്ന പിതാവിന്റെ പാതയാണ് 82കാരനായ കുഞ്ഞിക്കൊച്ചും പിന്തുടരുന്നത്. ബെൽറ്റ് മത്തായി, എയ്ഡ്സ്, മനസറിയാതെ, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായിരുന്നു. സിനിമാമേഖല വിട്ടശേഷം നിർമ്മാണ കരാറുകാരനായി. റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തി. ഇപ്പോൾ ഏകമകൻ അജ്മൽ ഖാനോടൊപ്പം വീട്ടിൽ വിശ്രമത്തിലാണ്. സൈനബ ഷൗക്കത്ത്, ജെസി അനിൽ എന്നിവർ മറ്റുമക്കളാണ്.

വീടുകൾക്ക് കല്ലിട്ടു

മൂന്ന് നിർദ്ധനർക്കായി കുഞ്ഞിക്കൊച്ചുഹാജി നൽകിയ ഭൂമിയിൽ നിർമ്മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം മന്ത്രി പി. രാജീവും കുഞ്ഞിക്കൊച്ച് ഹാജിയും ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ജിന്നാസ്, വി.കെ. ഷാനവാസ്, കെ.ആർ. രാമചന്ദ്രൻ, പി.എ. അബൂബക്കർ, മുഹമ്മദ് അൻവർ, ഓമന ശിവശങ്കരൻ, രത്നമ്മ സുരേഷ്, എസ്.എൻ. പിള്ള, എം.എം. ഉല്ലാസ്, കെ.എ. ഖാലിദ്, ടി.ബി. സജീവ്, അജ്മൽ ഖാൻ കുഞ്ഞിക്കൊച്ച് എന്നിവർ സംസാരിച്ചു.

Advertisement
Advertisement