സന്ധ്യയുടെ മനക്കരുത്തിൽ അവർ നീന്തിക്കയറിയത് ജീവിതത്തിലേക്ക്

Tuesday 21 February 2023 12:21 AM IST
ഇരുമ്പനങ്ങാട് അജിത്ത് ഭവനിൽ സന്ധ്യ (മദ്ധ്യത്തിൽ) താൻ രക്ഷിച്ച ഷൈലജയ്ക്കും അക്ഷയയ്ക്കുമൊപ്പം സംഭവം നടന്ന പാറക്കുളത്തിന് സമീപം.

എഴുകോൺ : നിലയില്ലാക്കയത്തിൽ വീണ് ജീവനുവേണ്ടി പിടച്ച മകൾക്കും അമ്മയ്ക്കും അയൽവാസിയായ സ്ത്രീയുടെ ധീരത തുണയായി.

എഴുകോൺ ഇരുമ്പനങ്ങാട് അജിത്ത് ഭവനിൽ സന്ധ്യ ( 44 ) യാണ് അഗാധമായ വെള്ളക്കെട്ടിൽ വീണ വരെ സാഹസികമായി രക്ഷിച്ചത്.

മുണ്ടുപൊയ്കയിൽ ഷൈലജയും 13 കാരിയായ മകൾ അക്ഷയയുമാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 5.30 യോടെയാണ് സംഭവം. വീട്ടാവശ്യത്തിന് പാറക്കുളത്തിൽ നിന്ന് വെള്ളം എടുക്കുന്നതിനിടെ അക്ഷയയാണ് ആദ്യം അപകടത്തിൽ പെട്ടത്. ഇതു കണ്ടയുടൻ നീന്തൽ വശമില്ലാതിരുന്ന ഷൈലജ മകളെ രക്ഷിക്കാൻ വെള്ളക്കെട്ടിലേക്ക് എടുത്തു ചാടി. ഈ സമയം സമീപത്ത് തുണി നനയ്ക്കുകയായിരുന്നു സന്ധ്യ. ഷൈലജയ്ക്ക് നീന്തൽ വശമുണ്ടെന്ന് കരുതി മകളെ രക്ഷിച്ചെത്തുന്ന ഇവരെ കൈ പിടിച്ചു കയറ്റാനായി ആഴം കുറഞ്ഞ ഭാഗത്തേക്ക് ഇറങ്ങി നിന്ന സന്ധ്യക്ക് അമ്മയും മകളും നില കിട്ടാതെ മുങ്ങി പൊങ്ങുന്നത് കണ്ട് പെട്ടെന്ന് തന്നെ അപകടം മനസിലായി.

ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തു ചാടി ഇവരുടെ അരികിലേക്ക് നീന്തി എത്തിയ സന്ധ്യ ഏറെ പണിപ്പെട്ടാണ് രണ്ടു പേരെയും കരയ്ക്കെത്തിച്ചത്. സാധാരണ ആരോഗ്യ സ്ഥിതി മാത്രമുള്ള സന്ധ്യ ഷൈലജയെയും മകളെയും മുടിക്ക് പിടിച്ചുയർത്തി കരയിലേക്ക് നീന്തുകയായിരുന്നു. നൊടിയിടയിൽ രക്ഷാ പ്രവർത്തനം നടത്തിയതിനാൽ ഏറെ അവശരാകും മുൻപ് ഇവരെ കരയ്ക്കെത്തിക്കാനായതും രക്ഷയായി.

സ്വകാര്യ സെക്യൂരിറ്റി ഏജൻസി വഴി കരിക്കോട് ടി.കെ.എം കോളേജിൽ സുരക്ഷാ ജീവനക്കാരിയായി ജോലി നോക്കുകയാണ് സന്ധ്യ. 17 വർഷം മുൻപ് തൊട്ടടുത്തുള്ള പാറക്കുളത്തിൽ വീണ നാലു വയസുകാരനായ മകൻ ജ്യോതിഷിനെ രക്ഷിച്ച അനുഭവവും സന്ധ്യക്കുണ്ട്. ജ്യോതിഷ് ഇപ്പോൾ കൊട്ടാരക്കര എസ്.ജി.കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയാണ്. ഇരുമ്പനങ്ങാട് എ.ഇ.പി.എം. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ജ്യോതിഷ മകളാണ്. ജോയി ആണ് സന്ധ്യയുടെ ഭർത്താവ്. ഷൈലജ ഇടയ്ക്കിടം അമ്പലക്കര കാഷ്യു ഫാക്ടറിയിലെ ഗ്രേഡിങ്ങ് തൊഴിലാളിയും അക്ഷയ ഇരുമ്പനങ്ങാട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.