ജമാഅത്തെ ഇസ്ലാമി മുസ്ലിംകളുടെ ബാപ്പയാകാൻ നോക്കേണ്ട: കെ.ടി ജലീൽ
കാസർകോട്: ആർ.എസ്.എസുമായി ചർച്ച നടത്തിയതിന് ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് കെ.ടി ജലീൽ. മുസ്ലിംകളുടെ ബാപ്പയാകാൻ അവർ നോക്കേണ്ടെന്നും അദ്ദേഹം കാസർകോട്ട് വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
ഇന്ത്യൻ മുസ്ലിംകളിൽ അരശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ആരാണ് അധികാരം നൽകിയതെന്ന് ജലീൽ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയും, മറ്റ് 13ലധികം സംഘടനകളും ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ എതിർത്തുകൊണ്ടാണ് ജലീൽ രംഗത്തുവന്നത്. ഇ.കെ-എ.പി വിഭാഗം സമസ്‌തകളും മുജാഹിദ് വിഭാഗവും ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസുമായി നടത്തിയ ചർച്ചയെ എതിർത്തുകൊണ്ട് രംഗത്തുവന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ വംശഹത്യ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ്. വിചാരധാരയിൽ ആരെല്ലാമാണ് ശത്രുക്കളെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ആർ.എസ്.എസുമായി ജമാഅത്തെ ഇസ്ലാമി മുസ്ലിംകളുടെ എന്ത് പ്രശ്നമാണ് ചർച ചെയ്തതെന്ന് ജലീൽ ചോദിച്ചു.