കോരേട്ടന്റെ ഓർമ്മകളുമായി കേരളകൗമുദി പ്രതിനിധികൾ

Tuesday 21 February 2023 12:27 AM IST
കോരേട്ടന്റെ പത്നി നാരായണിയെ കേരള കൗമുദി ചീഫ് റിപ്പോർട്ടർ കെ.വി ബാബുരാജൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു

ചെറുവത്തൂർ: മൂന്നര പതിറ്റാണ്ടുകാലത്തോളം കേരള കൗമുദിയുടെ സന്തത സഹചാരിയായിരുന്ന ചെറുവത്തൂർ കാരിയിലെ കൗമുദി കോരേട്ടന്റെ ഓർമ്മകളുമായി കേരള കൗമുദി പ്രതിനിധികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. കേരള കൗമുദി കോഴിക്കോട് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത് മുതൽ പത്രവുമായി അഭേദ്യബന്ധം പുലർത്തിയിരുന്ന കോരേട്ടൻ വാഹന - യാത്രാ സൗകര്യങ്ങളുടെ പരിമിതിയുള്ള കാലത്തും ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ തലച്ചുമടായും സൈക്കിളിൽ സഞ്ചരിച്ചും പത്രവിതരണം നടത്തിയിരുന്നു. ഇത്തരത്തിൽ പത്രം നൽകാൻ വൈകിയാലും വരിക്കാർ വഴക്ക് പറയാതെ കാത്തുനിൽക്കുമായിരുന്നു. അത്രയ്‌ക്ക് സ്നേഹമായിരുന്നു കോരേട്ടനോട് എല്ലാവർക്കും.

മലബാറിൽ പ്രസിദ്ധീകരണം തുടങ്ങിയതിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പത്രത്തിന്റെ ആദ്യകാല ഏജന്റായിരുന്ന പരേതനായ കോരട്ടനോടുള്ള ബഹുമാനാർത്ഥം പ്രതിനിധികൾ വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ പത്നി നാരായണിയെ കേരള കൗമുദി ചീഫ് റിപ്പോർട്ടർ കെ.വി ബാബുരാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. കണ്ണൂർ ബ്യൂറോ ചീഫ് ഒ.സി മോഹൻ രാജ്, പരസ്യവിഭാഗം മാനേജർ പ്രിൻസ് സെബാസ്റ്റ്യൻ, സർക്കുലേഷൻ മാനേജർ എം. പ്രശാന്ത് എന്നിവരും സംബന്ധിച്ചു.