പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഹൃദയത്തോട് ഇല്ല അലിവ്
അവധിയിൽ പോയ ഡോക്ടർക്ക് പകരക്കാരനെത്തിയില്ല, ആൻജിയോപ്ലാസ്റ്റി മുടങ്ങി
കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി മുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു. കാർഡിയോളജി വിഭാഗം മേധാവി അവധിയിൽ പോയതോടെയാണ് കാത്ത് ലാബിന്റെ പ്രവർത്തനം തകിടംമറിഞ്ഞത്. പ്രശ്‌നപരിഹാരമെന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു കാർഡിയോളജിസ്റ്റിനെ ഇവിടേക്ക് മാറ്റിയെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. ദിവസേന അഞ്ച് ആൻജിയോപ്ലാസ്റ്റി വരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന ചരിത്രമുണ്ട്. എന്നാൽ ഇപ്പോൾ ആൻജിയോഗ്രാം മാത്രമാണ് നടക്കുന്നത്.
നിലവിൽ ഒരു കാർഡിയോളജിസ്റ്റ് ഉണ്ടെങ്കിലും വിദഗ്ദ്ധന്റെ കൂടി സഹായം ആവശ്യമുള്ളതിനാലാണ് ആൻജിയോപ്ലാസ്റ്റി നിർത്തിവച്ചിരിക്കുന്നത്. അൻജിയോപ്ലാസ്റ്റിക്കുള്ള വിവിധ മരുന്നുകളും സ്റ്റെന്റ് അടക്കമുള്ള സംവിധാനങ്ങളും വിതരണം ചെയ്ത ഇനത്തിൽ സ്വകാര്യ ഏജൻസിക്ക് അഞ്ച് കോടിയോളം രൂപ കുടിശികയുമുണ്ട്.
രാത്രിയെത്തിയാൽ
കൈയൊഴിയും
ഹൃദയസംബന്ധമായ രോഗങ്ങളുമായി എത്തുന്നവർക്ക് പകൽ സമയത്ത് മാത്രമേ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കുള്ളു. കാർഡിയോളജിസ്റ്റ് ഉണ്ടായിട്ടും രാത്രിയിലെത്തുന്നവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ്. ഇങ്ങനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് സഞ്ചരിച്ച് നിർണായക സമയം പാഴാക്കി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. കൊല്ലത്ത് ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് രാത്രി ഓഫീസിൽ വച്ച് കഴിഞ്ഞയാഴ്ച ഹൃദയാഘാതം സംഭവിച്ചു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചു. എന്നാൽ, എത്തിയ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞ് കൈയൊഴിയുകയായിരുന്നു. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമദ്ധ്യേ ഡ്രൈവർ മരിച്ചു.
50 പേർക്ക് മാത്രം ചികിത്സ
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് കാർഡിയോളജി ഒ.പിയുള്ളത്. മറ്റ് പല ഒ.പികളിലും ഇരുനൂറിലേറെ രോഗികളെയാണ് ഒരു ദിവസം പരിശോധിക്കുന്നത്. എന്നാൽ കാർഡിയോളജിയിൽ ഒരു ദിവസം 50 പേർക്ക് മാത്രമേ ഒ.പി ടിക്കറ്റ് നൽകു. രാവിലെ അറ് മണിയോടെ ഒ.പി ടിക്കറ്റ് വിതരണം തുടങ്ങും. ദൂരെ സ്ഥലങ്ങളിൽ നിന്നടക്കമുള്ളവർ പുലർച്ചെ തന്നെയെത്തി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ കാത്തിരിക്കും. എന്നാൽ, ഒ.പി ടിക്കറ്റ് കിട്ടാതെ നിരവധി പേരാണ് ഈ ദിവസങ്ങളിൽ മടങ്ങുന്നത്. രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്നപ്പോൾ കേവലം 100 പേരെ മാത്രമാണ് പരിശോധിച്ചിരുന്നത്. വിദഗ്ദ്ധ പരിശോധന വേണ്ടതിനാലാണ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.