ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി, ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

Tuesday 21 February 2023 1:15 AM IST

അടൂർ: മണ്ണെടുപ്പിനെയും അതുമായി ബന്ധപ്പെട്ട വസ്തുതർക്കത്തെയും തുടർന്നുണ്ടായ പകയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. മാരൂർ വടക്കേചരുവിൽ സുജാത (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം. കമ്പിവടി കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് തലയോട്ടിയിൽ

രണ്ടിടത്ത് പൊട്ടലുണ്ടായി. സ‌‌‌‌ർജറി നടക്കുമ്പോൾ രണ്ടു തവണയാണ് സുജാതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.

സുജാതയുടെ മക്കളും ഗുണ്ടാത്തലവൻമാരുമായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ തേടിയെത്തിയ അക്രമി സംഘം ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകർത്തത്. തടയാൻ ചെന്ന സുജാതയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

അക്രമി സംഘം വരുന്നതുകണ്ട് സൂര്യലാലും ചന്ദ്രലാലും ഓടി രക്ഷപ്പെട്ടിരുന്നു. ഇതി‌ൽ സൂര്യലാലിനെ അടൂർ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതയ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസിൽ അടക്കം ഇവർ പ്രതിയായിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് ചാരായം വില്‍പനയ്ക്ക് കേസെടുത്തിട്ടുണ്ട്.

കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ സൂര്യലാലും അനുജൻ ചന്ദ്രലാലും

ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീടുകയറി ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന സുജാതയെ തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമി സംഘം വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകർത്തു. പിഗ്ബുൾ ഇനത്തിൽപ്പെട്ട പട്ടിയെയും കമ്പിവടി കൊണ്ട് അടിച്ചു. അക്രമി സംഘത്തിൽ ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടൻ, ശരൺ എന്നിവരുണ്ടായിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.