മികവിന്റെ നിറവിൽ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

Wednesday 22 February 2023 12:03 AM IST
ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരെ മന്ത്രി കെ.കൃഷ്ണൻകുട്ടി അനുമോദിക്കുന്നു.

ചിറ്റൂർ: ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മികവിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ ഉൾപ്പെടെ 73 ജീവനക്കാരെ മന്ത്രി കെ.കൃഷ്ണൻകുട്ടി അനുമോദിച്ചു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് അടുത്തിടെ 97% മാർക്കോടെ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചിരുന്നു. സൂപ്രണ്ട് മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ള ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് അംഗീകാരത്തിന് വഴിയൊരുക്കിയത്.

അടിസ്ഥാന സൗകര്യം, മാതൃശിശു ആരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗനിർണയം, പ്രതിരോധ കുത്തിവെപ്പ്, ചികിത്സാ ഗുണനിലവാരം, രോഗികളുടെ അവകാശങ്ങളും സേവനങ്ങളും, അണുബാധ നിയന്ത്രണം, ദേശീയാരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പ്രസവവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗുണനിലവാരം, രോഗീപരിചരണം, ലബോറട്ടറി സേവനം, അവശിഷ്ട നിർമ്മാർജനം എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായി 6,500 ഓളം ചെക്ക് പോയന്റുകൾ വിലയിരുത്തിയാണ് അംഗീകാരം.

64തരം പരിശോധന നടത്താവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബ്, മരുന്നുകൾ സൂക്ഷിക്കുന്നതിനായി മുഴുവനായും ശീതീകരിച്ച കെട്ടിടം, ശിശു സൗഹാർദമായ ആശുപത്രി എന്നിവയും കേന്ദ്രത്തിനെ അംഗീകാരത്തിലെത്തിച്ചു. ആശുപത്രിക്ക് കീഴിൽ ഏഴ് സബ്‌ സെന്ററുകളിലും എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ സേവനം ലഭ്യമാണ്. ഇ-സഞ്ജീവനി പദ്ധതിയും സജീവമാണ്.
ആശുപത്രി കോമ്പൗണ്ടിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് വേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.

Advertisement
Advertisement