പ്രാദേശിക പ്രത്യേകത ഉൾക്കൊണ്ട് സംരംഭം തുടങ്ങണം: മന്ത്രി എം.ബി.രാജേഷ്

Wednesday 22 February 2023 12:15 AM IST
കൊഴിഞ്ഞാമ്പാറയിൽ ആരംഭിച്ച മിൽക്കോ സംരംഭം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊഴിഞ്ഞാമ്പാറ: ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ മേഖലയിലും പ്രാദേശികമായുള്ള പ്രത്യേകതകൾ ഉൾക്കൊണ്ട ഒരോ സംരംഭം എന്നതാണ് 'ഒരു തദ്ദേശം ഒരു ആശയം" എന്നതിലൂടെ ലക്ഷ്യം വെക്കുന്നെതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പാലിൽ നിന്ന് സാദ്ധ്യമായ നൂതനവും ജനങ്ങൾ നിരന്തരം ഉപയോഗിക്കുന്നതുമായ മൂല്യവർദ്ധിത ഉല്പന്നങ്ങൾ മിൽക്കോ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകരെ വളർത്താൻ സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നത്. ഇതിൽ വലിയ പങ്ക് കുടുംബശ്രീക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ലാഭത്തിൽ ഒരു വിഹിതം കർഷകനുള്ളതാണ്. ഇത് നടപ്പായാൽ കർഷകന് നേട്ടമുണ്ടാവും. ലാഭവിഹിതം കർഷകന് നൽകി കേരളം രാജ്യത്തിന് മാതൃകയാവണമെന്ന് അദ്ദേഹം പറഞ്ഞു. മിൽക്കോ യൂണിഫോം വിതരണം, കറവപ്പശു ധനസഹായം എന്നിവ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ്, മൃഗസംരക്ഷണ ഓഫീസർ ഡോ.പി.ബി.പത്മജ, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയ സുജീഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഇൻ ചാർജ് മനോജ്, ഡോ.എസ്.ആർ.മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.