സിംഗപ്പൂരിലേക്കും തിരിച്ചും ഇനി യു.പി.ഐ വഴി പണമയക്കാം

Wednesday 22 February 2023 3:19 AM IST

 ഇന്ത്യയുടെ യു.പി.ഐയും സിംഗപ്പൂരിന്റെ പേനൗവും തമ്മിൽ ബന്ധിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ചും യു.പി.ഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ്) വഴി ഇനി പണമിടപാട് നടത്താം. ഇതിനായി ഇന്ത്യയുടെ യു.പി.ഐയും സിംഗപ്പൂരിന്റെ പണമിടപാട് സംവിധാനമായ പേനൗവും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയേൻ ലൂംഗും ചേർന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ചടങ്ങിൽ തുടക്കമിട്ടു.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, സിംഗപ്പൂരിന്റെ മോണിട്ടറി അതോറിറ്റി ഒഫ് സിംഗപ്പൂർ (എം.എ.എസ്) മേധാവിയും മലയാളിയുമായ രവി മേനോൻ എന്നിവർ ചേർന്ന് ആദ്യ ഇടപാട് നടത്തി. ഗൂഗിൾപേ, ആമസോൺപേ, ഫോൺപേ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ച് മൊബൈൽഫോണിലൂടെ തത്സമയം (റിയൽടൈം) സുരക്ഷിതമായും ലളിതമായും പണമിടപാട് നടത്താവുന്ന സംവിധാനമാണ് യു.പി.ഐ.

ക്ളൗഡ് അധിഷ്‌ഠിത അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്ന ലോകത്തെ ആദ്യ റിയൽടൈം പേമെന്റ് സിസ്‌റ്റം സഹകരണമാണ് പേനൗവും യു.പി.ഐയും തമ്മിലുള്ളത്.

ഇന്ത്യയുടെ വലിയ പങ്കാളി

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. 2021-22ൽ 8,900 കോടി ഡോളറാണ് ഇന്ത്യയിലെത്തിയത്. അമേരിക്ക, യു.എ.ഇ., യു.കെ എന്നിവ കഴിഞ്ഞാൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത് സിംഗപ്പൂരിൽ നിന്നാണ്. ആറ് ശതമാനമാണ് സിംഗപ്പൂരിന്റെ പങ്ക്.

ബാങ്കുകൾ ഇവ

സിംഗപ്പൂരിൽ നിന്ന് ഡി.ബി.എസ് ഗ്രൂപ്പ് ഹോൾഡിംഗ്സ് ബാങ്കും ബാങ്കിതര ധനകാര്യ സ്ഥാപനമായ ലിക്വിഡ് ഗ്രൂപ്പും പദ്ധതിയിലെ പങ്കാളികളാണ്. ഇന്ത്യയിൽ നിന്ന് ആക്‌സിസ് ബാങ്ക്, ഡി.ബി.എസ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഒ.ബി., എസ്.ബി.ഐ എന്നിവയുമുണ്ട്. ഭാവിയിൽ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തും.

അയക്കാം ₹60,000 വരെ

പദ്ധതിയിൽ അംഗങ്ങളായ ഇന്ത്യൻ ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് പ്രതിദിനം പരമാവധി 60,000 രൂപവരെ അയയ്ക്കാം. സിംഗപ്പൂരിൽ നിന്ന് നിലവിൽ 30,000 രൂപ ഇന്ത്യയിലേക്ക് അയയ്ക്കാം. വൈകാതെ ഇത് 60,000 രൂപയായി ഉയർത്തും.

നാഴികക്കല്ലെന്ന് മോദി

ഇന്ത്യയും സിംഗപ്പൂരും തമ്മിലെ ബന്ധത്തിലെ നാഴികക്കല്ലാണ് യു.പി.ഐ-പേനൗ സഹകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യങ്ങൾ തമ്മിലെ ധനകാര്യ സാങ്കേതിക (ഫിൻടെക്) ബന്ധത്തിലെ പുതിയ അദ്ധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു.