ഉദയ് കോട്ടക് പടിയിറങ്ങുന്നു; പകരക്കാരനെ തേടി ബാങ്ക്

Wednesday 22 February 2023 3:46 AM IST

ന്യൂഡൽഹി: പ്രമുഖ സ്വകാര്യബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സി.ഇ.ഒയും ശതകോടീശ്വരനുമായ ഉദയ് കോട്ടക്കിന്റെ പകരക്കാരനെ കണ്ടെത്താൻ ബാങ്ക് സ്വിസ് കൺസൾട്ടിംഗ് സ്ഥാപനമായ ഈഗോൺ സെൻഡറിനെ നിയമിച്ചു.

കോട്ടക് ഗ്രൂപ്പ് പ്രസിഡന്റുമാരും മുഴുവൻസമയ ഡയറക്‌ടർമാരുമായ ശാന്തി ഏകാംബരം, കെ.വി.എസ്.മണിയൻ എന്നിവരാണ് ഗ്രൂപ്പിൽ നിന്നുതന്നെ സി.ഇ.ഒയാകാൻ രംഗത്തുള്ളത്. ആഗോളതലത്തിൽ നിന്ന് കൂടുതൽ മികച്ചവരെയും പരിഗണിക്കാനായാണ് കൺസൾട്ടിംഗ് സ്ഥാപനത്തെ നിയമിച്ചത്.

ഉദയ് കോട്ടക്കിന്റെ മകൻ ജയ് കോട്ടക് സി.ഇ.ഒ പദവിയ്ക്കായി രംഗത്തില്ല. 63കാരനായ ഉദയ് അടുത്തവർഷം സ്ഥാനമൊഴിയും. 1985ൽ ബാങ്കിതര ധനകാര്യസ്ഥാപനമായി പ്രവർത്തനം ആരംഭിച്ചതുമുതൽ സ്ഥാപനത്തെ നയിക്കുന്നത് ഉദയ് കോട്ടക്കാണ്. 2003ലാണ് വാണിജ്യബാങ്കായി. 1,752 ശാഖകളുണ്ട്. 1,340 കോടി ഡോളറിന്റെ ആസ്‌തിയാണ് ഉദയ് കോട്ടക്കിനുള്ളത്. പ്രമോട്ടർമാർ നിശ്ചിതകാലാവധിക്കുമേൽ സി.ഇ.ഒ പദവി വഹിക്കേണ്ടെന്ന റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

Advertisement
Advertisement